ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭീകരവാഴ്ച്ച തുടരുന്നു. സിറിയയില്‍ നാല് ഫുട്ബോള്‍ താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു. ഫുട്ബോളിനെ പിന്തുണയ്ക്കുന്നത് അനിസ്ലാമികതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നത്. ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്നും കുര്‍ദിഷ് ചാരന്മാരാണെന്നും ഐഎസ് ആരോപിക്കുന്നു.
സിറിയന്‍ ലീഗില്‍ അല്‍ ഷബാബ് ക്ലബിനുവേണ്ടി കളിക്കുന്നവരാണ് കൊല്ലപ്പെട്ട താരങ്ങള്‍. ഒസാമ അബു കുവൈറ്റ്, ഇഹ്സാന്‍ അല്‍ ഷുവൈഖ്, നെഹാദ് അല്‍ ഹുസൈന്, അഹമ്മദ് അഹാവാഖ് എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഐഎസ് അധീനതയിലുള്ള റാഖ്വയില്വെച്ചായിരുന്നു നാലുപേരുടേയും തല ഐഎസ് അറുത്തത്. പേര് വെളിപ്പെടുത്താത്ത മറ്റൊരാളേയും ഐഎസ് വധശിക്ഷയ്ക്ക് വിധേയരാക്കിയതായാണ് വിവരം. തല വേര്‍പെട്ട് കിടക്കുന്ന ഫുട്ബോള്‍ താരങ്ങളുടെ ചിത്രം ഐഎസ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
റാഖ്വയില്‍ ഫുട്ബോള്‍ കളിക്കുന്നതിനും കാണുന്നതിനും ഐഎസ് ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവകര്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാക്കില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടത് കഴിഞ്ഞ മാസമായിരുന്നു.