കൊല്ലം: ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സേവനങ്ങളും നടപ്പിലാക്കുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ വില്ലേജ് ഓഫീസുകളിലെ പരിമിതികള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് പദവിയിലേക്കെത്തിയ കൊട്ടാരക്കര, വെളിയം വില്ലേജോഫീസുകളുടെയും കൊല്ലം കളക്ടറുടെ ചേംബര്‍ കം കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഇത്തരം നവീകരണങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന ഓഫീസാണ് വില്ലേജ് ഓഫീസ്, ഇവിടെ അടിസ്ഥാന സൗകര്യം വിപുലമാക്കുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആയിഷ പോറ്റി എംഎല്‍എ പറഞ്ഞു.
ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സ്മാര്‍ട്ട് സാങ്കേതിക വിദ്യകളും നിര്‍വഹണ രംഗത്ത് ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
ക്രിയാത്മകതയ്ക്കപ്പുറം വേഗതയോടൊപ്പം ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പ് നല്കുന്ന ആധുനിക പദമാണ് സ്മാര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് രണ്ട് വില്ലേജ് ഓഫീസുകളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.
സ്മാര്‍ട്ട് നവീകരണങ്ങള്‍ക്കായി വെളിയം വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപയും കൊട്ടാരക്കര വില്ലേജ് ഓഫീസിന് 42.4 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.
1290 ചതുരശ്ര മീറ്റര്‍ ആണ് ഓരോ കെട്ടിടത്തിന്റെയും വിസ്തീര്‍ണം. വില്ലേജ് ഓഫീസര്‍ റൂം, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോര്‍, വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ്സ്, ഡൈനിംഗ് ഏരിയ, പാര്‍ക്കിംഗ് എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് റവന്യൂ ഓഫീസ് പദ്ധതി പ്രകാരമാണ് കളക്ടറേറ്റിലെ പഴയ കോണ്‍ഫറന്‍സ് ഹാള്‍ പുതുക്കി ജില്ലാ കളക്ടറുടെ ചേംബര്‍ കം കോണ്‍ഫറന്‍സ് ഹാളാക്കി മാറ്റിയത്.
2019-20 വര്‍ഷത്തെ പ്ലാന്‍ സ്കീമിലും പൊതുമരാമത്ത് വകുപ്പിന്റെ ഓണ്‍ ഫണ്ടിലും ഉള്‍പ്പെടുത്തി 22.83 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.
കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ ബി ശ്യാമളയമ്മ, ഉപാധ്യക്ഷന്‍ ഡി രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ എസ്.ആര്.രമേശ്, സി. മുകേഷ്, എ.ഷാജി, കൊട്ടാരക്കര തഹസില്‍ദാര്‍ ജി. നിര്‍മല്‍കുമാര്‍, ആര്‍ഡിഒ ബി ശശികുമാര്‍, വില്ലേജ് ഓഫീസര്‍ ജോസ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
വെളിയത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, വൈസ് പ്രസിഡന്റ് ആര്.അജയകുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജഗദമ്മ, പഞ്ചായത്ത് അംഗങ്ങളായ കെ.പവിഴമല്ലി, ജെ.അനുരൂപ്, ബ്ലോക്ക് മെമ്പര്‍മാരായ വി.മധു, ഷൈലജ അനില്‍കുമാര്‍, വില്ലേജ് ഓഫീസര്‍ പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
കളക്ട്രേറ്റ് ചേമ്പറില്‍ നടന്ന ചടങ്ങില്‍ എ ഡിഎം പി.ആര്.ഗോപാലകൃഷ്ണന്, ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന് നായര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.