അഗളി:ഷോളയൂരിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മോഴയാന ഇന്നലെ പകൽ മൂന്നുമണിയോടെ തമിഴ്നാട് വനത്തിലേക്ക് കടന്നു.
ഷോളയൂർ മൂലഗംഗൽ അതിർത്തി പ്രദേശത്തു നിന്നും മറ്റൊരു കൊന്പനാനയുടെ പിൻപറ്റിയാണ് മോഴയാന കേരളം വിട്ടത്. കഴിഞ്ഞ 16ന് ഗുരുതരപരിക്കോടെയാണ് മോഴയാന ഷോളയൂർ കീരിപ്പതിയിലെത്തിയത്.
ഈ മാസം 14ന് തമിഴ്നാട് മാങ്കര റേഞ്ചിൽ നിന്നുമാണ് പരിക്കുകളോടെ തമിഴ്നാട് വനംവകുപ്പ് കാട്ടാനയെ ആദ്യം കണ്ടത്.പിന്നീട് 16 ന് രാത്രി അട്ടപ്പാടിയിലേക്കെത്തുകയായിരുന്നു.
വായിൽ സ്ഫോടകവസ്തുക്കൾ പൊട്ടിയ ലക്ഷണത്തോടെയാണ് ആനയുടെ നിൽപ്. കഴിഞ്ഞ 22ന് സീനിയർ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ ആനക്ക് മയക്കുവെടി നൽകി ആന്റി ബയോട്ടിക്കുകൾ നൽകിയിരുന്നു.
നാവിന് സാരമായി മുറിവേൽക്കുകയും അണ്ണാക്കിലും കീഴ്ത്താടിയിലും ഗുരുതരമായ പരിക്കുകളേറ്റ നിലയിലുമായിരുന്നു. വായയിലും ശ്വാസനാളം വരെയും ഇൻഫെക്ഷനുമുണ്ടായിരുന്നു.
ആന്റിബയോട്ടിക് നൽകി 48 മണിക്കൂർ ശേഷം വ്യതിയാനമുണ്ടാവുമെന്നായിരുന്നു മെഡിക്കൽ സംഘത്തിന്റെ നിഗമനം. എന്നാൽ ചികിത്സ നൽകി ഒരാഴ്ച്ചയായിട്ടും യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണങ്ങളും ഉണ്ടായില്ല.
തീറ്റിയെടുക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ പതിനാല് ദിവസത്തിലേറേയായി ആന ബുദ്ധിമുട്ടിലായിരുന്നു. കൊടിയ വേദനയും വിശപ്പും ദാഹവും മൂലം ആന രാത്രി കാലങ്ങളിൽ ജനവാസകേന്ദ്രങ്ങളിലും നിരത്തുകളിലും അലഞ്ഞു നടക്കുകയായിരുന്നു. എഴോളം വീടുകൾ ഇതിനകം കാട്ടാന തള്ളിയിട്ടു.
ഏതാനും ദിവസങ്ങളായി തീർത്തും അവശനിലയിലെത്തു കയും ഇപ്പോൾ നടക്കാനാവാത്ത അവസ്ഥയിലുമാണ്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ കെടി ഉദയൻ പറഞ്ഞു.