പാലക്കാട്: കാഞ്ഞിരപ്പുഴ പുഞ്ചോല ജിഎൽപി സ്കൂളിന്റെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സ്കൂൾ കെട്ടിടം പൊളിഞ്ഞുവീണ് കുട്ടികൾക്ക് അപകടമുണ്ടാകാതിരിക്കാൻ അധിക്യതർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നു കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയർ തയാറാക്കിയ പദ്ധതി രൂപരേഖ പ്രധാനാധ്യാപകൻ മേലധികാരികൾക്ക് ഉടനേ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പാന്പൻതോട്, അമ്മൻകടവ്, പാങ്ങോട് പുഞ്ചോല പ്രദേശങ്ങളിലെ ആദിവാസി പെണ്കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
മേൽക്കൂരയിൽനിന്നും കോണ്ക്രീറ്റ് കഷണങ്ങൾ അടർന്നുവീഴാറുള്ളതായി സ്കൂൾ കുട്ടികൾ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. കോണ്ക്രീറ്റ് ശരീരത്തിൽ വീഴാതിരിക്കാൻ മേൽക്കൂരയിൽ ടാർപോളിൽ കെട്ടിയിട്ടുണ്ട്. മഴക്കാലമായാൽ ക്ലാസുമുറികളിൽ വെള്ളംകെട്ടും. മിക്ക ദിവസങ്ങളിലും അപകടം ഭയന്ന് മരച്ചുവട്ടിലാണ് അധ്യാപകർ ക്ലാസെടുക്കാറുള്ളത്.
പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്നും കമ്മീഷൻ റപ്പോർട്ട് വാങ്ങി. സ്കൂളിനു പുതിയ കെട്ടിടം ആവശ്യമാണെങ്കിലും അതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയർ തയാറാക്കിയ പദ്ധതി രൂപരേഖ അധിക്യതർക്ക് സമർപ്പിക്കാൻ ഹെഡ്മാസ്റ്റർക്ക് നിർദേശം നല്കിയിട്ടുണ്ട്.
ഇക്കാര്യത്തിൽ സ്വീകരിച്ചു വരുന്ന നടപടികൾ ഒരുമാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കി.