കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവില്‍ ക്രിമിനല്‍ സംഘാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. മിയാപദവ് ബേരിക്കയിലെ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്.
അതിര്‍ത്തിമേഖലയിലെ മദ്യക്കടത്തും ഗുണ്ടാ അക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ് കൃപാകര. ബുധനാഴ്ച രാത്രി ഇയാള്‍ മാരകായുധങ്ങളുമായി മിയാപ്പദവ് കെദുങ്ങാട്ടെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടില്‍ കയറി അക്രമം നടത്തിയിരുന്നു.
തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ ഇയാള്‍ക്കും മാരകമായി കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
കൃപാകരയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷും വിജേഷും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മിയാപദവിലെ ചന്ദ്രഹാസയുടെയും പുഷ്പലതയുടെയും മകനാണ് മരിച്ച കൃപാകര.