തൊടുപുഴ: ഓണം വിൽപ്പനയ്ക്കായി വാറ്റു കേന്ദ്രത്തിൽ വൻ തോതിൽ സൂക്ഷിച്ചിരുന്ന ചാരായും കോടയും മൂലമറ്റം എക്സൈസ് റേഞ്ച് അധികൃതർ പിടി കൂടി.
പഴയരിക്കാട്ട് സാബുവിന്റെ (44) പുരയിടത്തിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും 60 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടി കൂടിയത്. കേസിൽ വീട്ടുടമസ്ഥനായ സാബു, മൂലക്കാട് ഭാഗത്ത് പൊട്ടനാനിക്കൽ പ്രസാദ് (40) എന്നിവരെ പ്രതികളാക്കി കേസെടുത്തു.
എക്സൈസ് സംഘം എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച മുൻപും മൂലമറ്റം റേഞ്ച് ഉദ്യോഗസ്ഥർ ഇതിനു സമീപത്തു നിന്നും 70 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും കണ്ടെത്തി കേസ് എടുത്തിരുന്നു.
റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ, പ്രിവന്റീവ് ഓഫീസർ കെ.ആർ. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. ഡെന്നി, വി.ആർ.രാജേഷ്, എ.കെ.ദിലീപ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.സിന്ധു, ഡ്രൈവർ അനീഷ് ജോണ് എന്നിവർ നേതൃത്വം നൽകി.
ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.