തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് സംസ്ഥാനത്തെ മദ്യവില്പനയിൽ എക്സൈസ് വകുപ്പ് കൂടുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മദ്യവിതരണത്തിനായി നടപ്പാക്കിയ ബെവ്ക്യു ആപ്പിലൂടെ ഒരു ദിവസം 600 ടോക്കണ്‍ വരെ അനുവദിക്കും. നിലവിൽ ഒരു ദിവസം 400 ടോക്കണ്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്.
മദ്യവില്പന സമയം രാവിലെ ഒന്‍പത് മുതൽ രാത്രി വരെ ഏഴ് വരെയാക്കി. നിലവിൽ ഇത് അഞ്ച് വരെയായിരുന്നു. ഓണക്കാലത്തുണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനാണ് താൽക്കാലികമായെങ്കിലും നിയന്ത്രണങ്ങൾ പിൻവലിച്ചത്.
ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്.
ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്ക്യൂ വഴിയുള്ള മദ്യവില്പന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കണ്‍സ്യൂമർ ഫെഡ് മദ്യവില്പനശാലകളിൽ മദ്യവില്പന കുറഞ്ഞിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ശിപാർശ ബെവ്കോയും, കണ്‍സ്യൂമർഫെഡും സർക്കാറിന് സമർപ്പിച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.