ചാത്തന്നൂർ: കൊറോണ ബോധവൽക്കരണവുമായി നഗരത്തിലെത്തിയ മാവേലി ‘പ്രജകൾക്ക്’ കൗതുക കാഴ്ചയായി. നാടോടുമ്പോൾ നടുവെ ഓടുകയാണ് ഇക്കുറി മാവേലിയും.
ഓല കുടകൾക്കും ഓണാശംസകൾക്കും പകരം കൊമ്പൻ മീശ മറയ്ക്കുന്ന മാസ്ക്കും കൈയിൽ സാനിറ്റൈസറും അണു നശീകരണ യന്ത്രവും. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നിന്നുമെത്തിയ മാവേലിയ്ക്ക് ഇത്തവണ ബോധവൽക്കരണമാണ് പ്രഥമ ദൗത്യം.
ഒപ്പം നാട്ടുകാരിൽ ഓണത്തിന്റെ ഗൃഹാതുര ഓർമകളുടെ ഉണർത്തലും. തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാന്റെ നേതൃത്വത്തിൽ പതിവ് തെറ്റിക്കാതെ ഇക്കുറിയും ഗ്രാമ, നഗരവീഥികളിലെത്തിയ മാവേലി മന്നനെ വരവേറ്റ നാട്ടുകാർക്ക് മാവേലി നൽകിയ ആശംസകൾ ബോധവൽക്കരണത്തിന്റെ കൂടി അനുഭവമായി മാറി.
മാവേലിയുടെ യാത്രയിൽ മാസ്ക് ധരിക്കാതെ കാണപ്പെട്ട നാട്ടുകാർക്ക് മാസ്ക്കുകൾ നൽകുകയും സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. കോവിഡ് -19 നെ പ്രതിരോധിക്കേണ്ടതിനായി അറിഞ്ഞിരിക്കേണ്ടതിനെക്കുറിച്ചുള്ള ലഘുലേഖയും മാവേലി വിതരണം നടത്തി.
കുറെ വർഷങ്ങളായി ഓണക്കാലത്ത് ബോധവൽക്കരണ സന്ദേശവുമായി സ്കൂൾ മാവേലിയെ രംഗത്തിറക്കാറുണ്ട്. മുൻ വർഷങ്ങളിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് അപകടരഹിത നാളെയ്ക്കായിട്ടായിരുന്നു മാവേലിയുടെ ബോധവൽക്കരണം.
കൊ റോണപ്രതിരോധ സന്ദേശവുമായി ഇക്കുറി രംഗത്തെത്തിയ മാവേലിക്ക് ഇത്തവണ വലിയ സ്വീകരണമാണ് പ്രജകളിൽ നിന്നും ലഭിച്ചത്. സാമുഹിക അകലം പാലിച്ചായിരുന്നു മാവേലി ബോധവൽക്കരണം നടത്തിയത്.
നാഷണൽ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കണ്ണനല്ലൂർ സ്വദേശിയായ അഹ്സിൻ നവാസാണ് ഇക്കുറി മാവേലിയായത്. കൊട്ടിയത്ത് പോലീസ് ഇൻസ്പെക്ടർ ദിലീഷിന്റെ സാന്നിധ്യത്തിൽ ആരംഭിച്ച മാവേലിയുടെ പ്രയാണത്തിന്റെ സമാപനംകൊല്ലം ചിന്നക്കടയിൽ എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ.പ്രദീപ്, ആരോഗ്യ വകുപ്പ് ടെക്നി്ക്കൽ അസിസ്റ്റന്റ് എം.നാരായണൻ, നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.