വടക്കഞ്ചേരി: കോവിഡ് മഹാമാരിയിൽ കുടുംബ ബജറ്റുകളെല്ലാം താളംതെറ്റിയതോടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം റേഷൻകടകളായി ശ്രദ്ധാകേന്ദ്രം.
സൗജന്യനിരക്കിലോ പൂർണമായും സൗജന്യമായോ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ എന്നു ലഭിക്കുമെന്ന അന്വേഷണങ്ങളാണ് വീട്ടുകാരെല്ലാം നടത്തുന്നത്.
കാർഡുകളുടെ നിറംനോക്കി തങ്ങളുടെ കാർഡിന് ഓണത്തോടനുബന്ധിച്ച് എന്തെല്ലാം കിട്ടുമെന്ന് കണക്കുകൂട്ടി കോവിഡ് കാലത്തെ വറുതി മറികടക്കാനുള്ള തത്രപ്പാടിലാണ് വീട്ടുകാരെല്ലാം.
മുന്‍പൊക്കെ റേഷൻകടയിൽ പോകുന്നവരെല്ലാം പാവപ്പെട്ടവരായിരുന്നെന്ന സങ്കല്പങ്ങളെല്ലാം ഇന്നുമാറി. ധനികനും ദരിദ്രനും റേഷൻകടകൾക്ക് മുന്നിൽ വരി നില്‍ക്കാനുണ്ട്. അഭിമാനപ്രശ്നങ്ങളൊന്നുമില്ല.
റേഷൻ കടകളും ഇപ്പോൾ ഏതുസമയവും അരിചാക്കുകൾകൊണ്ട് നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. റേഷൻകട നടത്തിപ്പുകാർക്കും വിശ്രമമില്ല. ഏതുസമയവും ആളുകൾ എത്തുന്ന സ്ഥാപനമായതോടെ പല റേഷൻ കടകൾക്കു ചുറ്റും മറ്റു കടകൾ തുടങ്ങി പ്രദേശം പച്ചപിടിക്കുന്നുണ്ട്.
റേഷൻകട വഴി വിതരണം ചെയ്യുന്ന സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ടയ്ക്ക് വലിയ ഡിമാന്റാണ്.
മായം കലരാത്ത വിശ്വസിക്കാവുന്ന ശുദ്ധമായ ഗോതന്പുപൊടിയെന്ന നിലയിലാണ് ഇതിന് ആവശ്യക്കാർ കൂടുതലുള്ളത്. പൊതുവിപണിയിൽ അരിക്ക് ഉയർന്നവില നിലനില്‍ക്കുന്പോൾ റേഷൻകട വഴി അരിവിതരണം കാര്യക്ഷമമായി നടക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസം തന്നെയാണ്.
അതേസമയം റേഷൻകട നടത്തിപ്പുകാരുടെ വരുമാനത്തിൽ ഇപ്പോഴും കാര്യമായ വർധന ഉണ്ടായിട്ടില്ലെന്ന പരാതി തുടരുന്നുണ്ട്.
മുറിവാടകയും അനുബന്ധ ചെലവുകളുമായി ബാധ്യതകൾ ഏറിവരുന്നതായി ഇവർ പറയുന്നു. കോവിഡിനെ തുടർന്ന് റേഷൻസാധനങ്ങളുടെ അളവ് കൂടിയതോടെ സഹായി ഇല്ലാതെ കട നടത്തികൊണ്ടു പോകാനും കഴിയില്ല.
എന്തായാലും കോവിഡും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി റേഷൻകടകളിലൂടെയുള്ള പൊതുവിതരണ ശൃംഖല കുറച്ചുകാലം സജീവമായി തന്നെ തുടരും.