മരട്: വൈറ്റില തൈക്കൂടത്തെ സ്വകാര്യ സ്ഥാപത്തിൽ കഴിഞ്ഞ ദിവസം രാത്രി കടന്നു കയറിയ മോഷ്ടാവ് കാൽ ലക്ഷത്തിലധികം രൂപ കവർന്നത് മാസ്കിട്ട്.
ദേശീയപാത ബൈപാസിലെ പ്രമുഖ വാഹന ഗ്ലാസ് വ്യാപാര സ്ഥാപനമായ എഎം സേഫ്റ്റി ഗ്ലാസിലാണ് മോഷണം നടന്നത്. പിൻവശത്തെ ചുമരിന്റെ ഇഷ്ടിക ഇളക്കി മാറ്റിയ വിടവിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടർന്നു സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് സൂചന.
ഇന്നലെ രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയതതെന്ന് ഉടമ പറഞ്ഞു. മോഷ്ടാവ് അകത്തു കടക്കുന്നതും കൃത്യം നടത്തുന്നതുമെല്ലാം സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ ഉടമ മരട് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. മോഷണം നടത്തിയത് നഗരത്തിലും മറ്റും സ്ഥിരം കവർച്ച നടത്തുന്ന സംഘത്തിൽപ്പെട്ട ആളാണെന്നാണ് പോലീസ് നൽകുന്ന സൂചന.
സിസിടിവിയിലുള്ള മോഷ്ടാവിന്റെ ചിത്രം പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്.കോവിഡ് വ്യാപനം നടക്കുന്നതിന്നാതിനാൽ കുറ്റവാളികളെ റിമാൻഡ് ചെയ്യാൻ കഴിയാതെ പലരെയും ജാമ്യത്തിൽ വിടുന്ന സാഹചര്യമാണ്. ഈ അവസരം മുതലാക്കി ഇവരിൽ ചിലരാണ് വീണ്ടും മോഷണവുമായി രംഗത്തു സജീവമാവുന്നതെന്നും സൂചനയുണ്ട്.