ന്യൂയോർക്ക്: അമേരിക്കയിലെ വിസ്കോൻസെനിൽ കറുത്ത വർഗക്കാരൻ ജേക്കബ് ബ്ലേക്കിനു പൊലീസിന്റെ വെടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സതേണ്‍ ആൻഡ് വെസ്റ്റേണ്‍ ടെന്നീസ് ടൂർണമെന്റിൽനിന്നു പിൻവാങ്ങിയ ജാപ്പനീസ് വനിതാ താരം നവോമി ഒസാക്ക തീരുമാനം മാറ്റി.
എതിർ താരത്തെ മാനിച്ചും അമേരിക്കൻ ടെന്നീസ് അസോസിയേഷൻ, ഡബ്ല്യുടിഎ എന്നിവയുടെ അഭ്യർഥന അംഗീകരിച്ചും സെമി പോരാട്ടത്തിന് ഇറങ്ങുമെന്ന് ഒസാക്ക വ്യക്തമാക്കി.
ടൂർണമെന്റിന്റെ സെമിയിൽ എത്തിയതിനു പിന്നാലെയായിരുന്നു ലോക പത്താം നന്പർ താരമായ നവോമി ഒസാക്ക തന്റെ പിൻവാങ്ങൽ അറിയിച്ചത്. താനും ഒരു കറുത്ത വർഗക്കാരിയാണെന്നും സമൂഹമാധ്യമത്തിൽ ഒസാക്ക കറിച്ചിരുന്നു.
സെമിയിൽ ബെൽജിയത്തിന്റെ എൽസി മെർടെൻസ് ആണ് ഒസാക്കയുടെ എതിരാളി. സംഭവത്തിൽ പ്രതിഷേധം ആളിപ്പടർന്നതോടെ അമേരിക്കയിൽ ഒട്ടേറെ ബേസ്ബോൾ, ബാസ്കറ്റ്ബോൾ, മേജർ ലീഗ് സോക്കർ മത്സരങ്ങൾ നിർത്തിവച്ചിരുന്നു.