സ്വന്തം ലേഖകൻ
തൃശൂർ: ഇരിങ്ങാലക്കുടയിൽ അമ്മയേയും മകനേയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ മൂത്ത മകനുവേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. മകന്റെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇരിങ്ങാലക്കുട നടവരന്പ് കല്ലംകുന്നിലാണ് കരുവാപ്പടി കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ ഭാര്യ ചക്കന്പത്ത് രാജി(54), ഇളയ മകൻ വിജയ് കൃഷ്ണ(26) എന്നിവരെ രാജിയുടെ അമ്മവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂത്തമകൻ വിനയ്കൃഷ്ണനെയാണ് കാണാതായിരിക്കുന്നത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ ഫോണ് സ്വിച്ച് ഓഫാണ്. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വിനയ്കൃഷ്ണൻ അവസാനമായി ഉണ്ടായിരുന്നത് എറണാകുളത്തു തന്നെയാണെന്നും മരണം നടന്ന ഇരിങ്ങാലക്കുട ഭാഗത്തേക്കു വന്നിട്ടില്ലെന്നുമാണ് മനസിലായതെന്ന് പോലീസ് പറഞ്ഞു.
വിനയ്കൃഷ്ണൻ ഫോണ് ഉപയോഗിക്കാതെ എവിടേക്കെങ്കിലും വന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല.
സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം കാര്യമായ ദുരൂഹതകൾ ഇല്ലെന്ന നിഗമനത്തിലേക്കാണ് പോലീസും സ്പെഷ്യൽ ബ്രാഞ്ചും എത്തിയിരിക്കുന്നത്.
പോസ്റ്റുമോർട്ടത്തിനു ശേഷമേ ഇക്കാര്യം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് ഇരിങ്ങാലക്കുട സിഐ എം.ജെ.ജിജോ പറഞ്ഞു. ആത്മഹത്യ തന്നെയാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. സാന്പത്തിക പ്രശ്നങ്ങൾ ഇവർക്കുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
കൊറ്റനെല്ലൂർ കരുവാപ്പടിയിലാണു ജയകൃഷ്ണനും രാജിയും രണ്ട് ആണ്മക്കളും താമസിക്കുന്നത്. രാജിയുടെ അമ്മ രണ്ടാഴ്ച മുന്പ് കോഴിക്കോടുള്ള മറ്റൊരു മകളുടെ വീട്ടിലേക്കു പോയിരുന്നു.
അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ ജയകൃഷ്ണൻ മൂന്നു ദിവസമായി വീട്ടിലേക്കു ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണ് കിട്ടിയിരുന്നില്ല. കഴിഞ്ഞദിവസം ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ ആരുമില്ലെന്നു മനസിലായത്.
തുടർന്ന് ഇന്നലെ രാവിലെ ഭാര്യയുടെ തറവാട്ടുവീട്ടിലെത്തി നടത്തിയ പരിശോധനയിലാണു കിണറ്റിൽ വിജയ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ജയകൃഷ്ണൻ വിവരമറിയിച്ചതിനെതുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണു വീടിനകത്തു രാജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച രാജിയുടേയും വിജയ്കൃഷ്ണയുടേയും കൈഞരന്പുകൾ മുറിച്ച നിലയിലായിരുന്നു. വിജയ് കൃഷ്ണയ്ക്കു കാക്കനാട് ഇൻഫോ പാർക്കിലാണു ജോലി.