സ്വന്തം ലേഖകന്‍
കോഴിക്കോട്: ബിജെപി- ആർഎസ്എസ് പിന്തുണയുള്ള ചാനലിലെ വാർത്താമേധാവി സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ പുറത്തായതോടെ ബിജെപിയിലെ കൂടുതൽ നേതാക്കൾ ആശങ്കയിൽ.
അനിൽ നന്പ്യാരുമായി അടുത്ത ബന്ധം പുലർത്തുന്ന പല നേതാക്കൾക്കും സ്വപ്നയുമായും അടുപ്പമുണ്ടെന്ന സൂചനകളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ബിജെപിയെ സഹായിക്കാൻ യുഎഇ കോൺസുലേറ്റിനോടു പറയണമെന്നു അനിൽ നന്പ്യാർ നിർദേശിച്ചതായി സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നേതാക്കളെയും സംശയനിഴലിൽ ആക്കിയിരിക്കുന്നത്.
പാർട്ടിയെന്ന നിലയിൽ ബിജെപിക്കു കോൺസുലേറ്റിന്റെ എന്തു സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന സംശയാണ് ബാക്കിയാകുന്നത്. ബിജെപിയിലെ ഏതെങ്കിലും നേതാക്കളുടെ ഇടപാടുകൾക്കു വേണ്ടിയാണോ ഈ നിർദേശം മുന്നോട്ടുവച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പലർക്കും ദുബായിൽ അടക്കം ബെനാമി ബിസിനസുകളും സാന്പത്തിക ഇടപാടുകളുമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്.
മാത്രമല്ല, അനിൽ നന്പ്യാർക്ക് യുഎഇയിൽ സാന്പത്തിക ഇടപാടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നുള്ള വഞ്ചനാക്കേസിൽ അറസ്റ്റ് ഭീഷണിയും നിലനിന്നിരുന്നു.
സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് വഴി സ്വപ്നയെ കാണുകയും സ്വപ്നയ്ക്കു കോൺസുലേറ്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഈ കേസ് തീർക്കുകയുമായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതേത്തുടർന്ന് അനിൽ നന്പ്യാർ യുഎഇ യാത്ര നടത്തുകയും ചെയ്തിരുന്നു. കോൺസുലേറ്റിന്റെ സഹായം ബിജെപിക്കോ അതോ ഏതെങ്കിലും നേതാക്കൾക്കോ ലഭിച്ചിട്ടുണ്ടോയെന്നത് അന്വേഷണ വിധേയമാക്കണമെന്നാണ് രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നത്.
ബിജെപിയുടെ കേരളത്തിലെ പല നേതാക്കളെയും നയിക്കുന്നതു പാർട്ടിയുടെ ആദർശങ്ങളേക്കാൾ സാന്പത്തിക താത്പര്യങ്ങളാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. വോട്ടുകച്ചവടം അടക്കമുള്ള ആരോപണങ്ങളും ഇതിനുമുന്‍പും ബിജെപിയെ വേട്ടയാടിയിട്ടുണ്ട്.
അതേസമയം, ആരോപണത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ അടക്കം പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. നയതന്ത്രബാഗേജ് അല്ല സ്വകാര്യ ബാഗേജ് ആണ് വന്നതെന്നു പറയണമെന്നു അനിൽ നന്പ്യാർ സ്വപ്നയെ ഉപദേശിച്ചതാണ് ഇപ്പോൾ ഏറ്റവും വലിയ വിവാദമായിരിക്കുന്നത്.
കോൺസുലേറ്റ് ഇതുപറഞ്ഞ് പത്രക്കുറിപ്പ് ഇറക്കണമെന്നും അനിൽ ഉപദേശിച്ചെന്നും ആ പത്രക്കുറിപ്പ് തയാറാക്കാൻ അനിലിനോടുതന്നെ പറഞ്ഞെന്നും അനിൽ സമ്മതിച്ചെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
കേസിന്റെ തുടക്കത്തിൽ നയതന്ത്രബാഗേജ് അല്ല എന്ന ഇതേ നിലപാട് പരസ്യമായി പ്രഖ്യാപിച്ചതാണ് കേന്ദ്രമന്ത്രി വി.മുരളീധരന് ഇപ്പോൾ വിനയായി മാറിയിക്കുന്നത്.
അന്വേഷണ ഏജൻസിപോലും നയതന്ത്ര ബാഗേജ് ആണെന്നു പറഞ്ഞിട്ടും അതിനു വിരുദ്ധമായ നിലപാട് കേന്ദ്രമന്ത്രി സ്വീകരിച്ചതു ദുരൂഹമാണെന്നു സിപിഎം ആരോപിച്ചിരുന്നു. എന്തായാലും സ്വർണക്കടത്തു കേസിൽ സിപിഎമ്മും ബിജെപിയും ഒരുപോലെ വെട്ടിലായെന്നതാണ് ഒടുവിലത്തെ കാഴ്ച.
കേസിൽ ഇടപെടില്ലെന്നു ബിജെപി കേന്ദ്രനേതൃത്വം
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു ഇടപെടലുകളും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ നിലവില്‍ അന്വേഷണം ശരിയായ വഴിയില്‍ നടക്കട്ടെയെന്നും മറ്റുകാര്യങ്ങള്‍ പിന്നെ നോക്കാമെന്നുമാണ് കേന്ദ്രനിലപാട്. കേസില്‍ ബിജെപി നേതാക്കൾക്കോ
ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നെതെന്നാണ് വിലയിരുത്തൽ. സംസ്ഥാന ഘടകവും ഇതിനൊപ്പം നിന്നേക്കും.
സ്വർണക്കടത്തു കേസിൽ സമരം കത്തിച്ചുനിർത്തുന്നതിനിടയിൽ കിട്ടിയ ഇരുട്ടടിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിൽ പലർക്കും കടുത്ത അതൃപ്തിയുണ്ട്. ഇനി എന്തു പറഞ്ഞ് സമരത്തിനിറങ്ങുമെന്നാണ് പലരുടെയും ചോദ്യം.
പ്രത്യക്ഷമായി അന്വേഷണത്തെ മോശമായി ബാധിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയേക്കില്ല. അങ്ങനെ ചെയ്താൽ സിപിഎമ്മിനു വലിയ ആയുധമായി മാറുമെന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രത്യേകിച്ചു കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി വരുന്ന കേസിൽ.
ഇതിനിടെ, ചാനലിലെതന്നെ സഹപ്രവര്‍ത്തകനും അനില്‍ നമ്പ്യരുടെ അടുത്ത സുഹൃത്തുമായ മറ്റൊരാള്‍ക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തത്ക്കാലത്തേക്ക് അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലയില്‍നിന്ന് ഒഴിഞ്ഞത്.
കാത്തിരുന്നു കാണാം എന്നിലയിലേക്കാണ് നിലവില്‍ സ്വര്‍ണക്കടത്തു വിഷയത്തില്‍ പരസ്പരം പോര്‍മുഖത്തുള്ള സിപിഎമ്മും ബിജെപിയും എത്തിയിരിക്കുന്നത്.അതേസമയം തന്നെ അന്വേഷണം നിഷ്പക്ഷമാണെന്ന് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിലൂടെ വ്യക്തമായില്ലേ എന്നു ബിജെപി നേതാക്കള്‍ ചോദിക്കുന്നു.