
പഴയങ്ങാടി(കണ്ണൂർ): ആക്സിസ് ബാങ്കിലെ എടിഎം കൗണ്ടറിലെ കള്ളപ്പണം നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി.
കൗണ്ടറിലെ സിസിടിവി ദൃശ്യപരിശോധനയിൽ പ്രതിയെ കുറിച്ച് സൂചന കിട്ടിയതായി അന്വേഷണസംഘം അറിയിച്ചിരുന്നുവെങ്കിലും കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണ ഉദ്യേഗസ്ഥരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 25നാണ് എടിഎം കൗണ്ടറിൽ നിന്ന് കർണാടകയിലെ കുശാൽനഗറിലെ മിസ് റിയ എന്ന യുവതിയുടെ അക്കൗണ്ടിലേക്ക് 21500 രൂപ നിക്ഷേപിക്കുന്നത്.
അന്വേഷണം കുശാൽനഗറിലേക്ക് വ്യാപിപ്പിച്ചു എങ്കിലും മിസ് റിയ എന്ന യുവതിയിലേക്ക് എത്താൻ പോലീസിന് സാധിച്ചില്ല. എടിഎം കൗണ്ടറിൽ കള്ളനോട്ടുകൾ
നിക്ഷേപിച്ച് രക്ഷപ്പെട്ട അന്യസംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്ന യുവാവ് പഴയങ്ങാടിയിലും പരിസരങ്ങളിലെയും മാർക്കറ്റിലും വ്യാപാര കേന്ദ്രങ്ങളിലും എത്രയധികം കള്ളനോട്ടുകൾ ചെലവഴിച്ചിട്ടുണ്ടാകുമെന്നത് ആശങ്കയുയർത്തുന്നു.
യുവാവിന് ഇത്രയും പണം എങ്ങിനെ, എവിടെ നിന്ന് വന്നു ചേർന്നു എന്നതും ദുരൂഹതയുളവാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും അന്വേഷണത്തിന് കിറാമുട്ടിയാവുന്നു.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി. രത്നകുമാർ, പഴയങ്ങാടി സിഐ എം രാജേഷ്,പഴയങ്ങാടി എസ്ഐ ഇ.ജയചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷിക്കുന്നത്.