ഹരുണി സുരേഷ്
വൈപ്പിൻ: കോവിഡിന്റെ പിടിയിൽ ഉത്സവങ്ങൾക്കും മറ്റ് ഉദ്ഘാടന പരിപാടികൾക്കുമൊക്കെ ലോക്ക് വീണപ്പോൾ ഉപജീവനത്തിനായി മേളക്കാരൻ വിൽസൻ ചെണ്ടയും മേളവും മാറ്റിവെച്ച് ഞണ്ട് കച്ചവടം തുടങ്ങി.
ഭാര്യ കാഞ്ചനയും മത്സ്യകച്ചവടം ചെയ്യുന്നുണ്ട്. എങ്കിലും ഞണ്ടാണ് ഇവരുടെ പ്രിയ ഉൽപ്പന്നം. ചെറായി പാടത്ത് വഴിയരുകിൽ ഞണ്ടും കരിമീനും കറൂപ്പും ചെമ്മീനുമൊക്കെ വിറ്റ് പട്ടിണിയില്ലാതെ ജീവിക്കുകയാണ്. പാടത്തിനു തൊട്ട് തെക്കുമാറി ചെറായി കല്ലുചിറയിലാണ് താമസം.
ഭാര്യ കാഞ്ചന നേരത്തെ ഏലൂർ ഭാഗത്ത് മത്സ്യകച്ചവടം നടത്തിയിരുന്നതാണ്. വിൽസണ്‍ മേളപ്പരിപാടികൾക്കും പോകും. അങ്ങിനെയാണ് രണ്ട് മക്കളടക്കമുള്ള ചെറിയ കുടുംബം ജീവിച്ചു പോന്നത്.
എന്നാൽ ലോക്ക് ഡൗണ്‍ വന്നതോടെ കാഞ്ചനക്ക് ഏലൂരിലെ മത്സ്യകച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. ഇവരുടെ തട്ടിലെ സ്പെഷ്യൽ ഐറ്റം ഞണ്ടാണ്.
നിറയെ കഴന്പുള്ളതും ജീവനുള്ളതുമായ നല്ല ഞണ്ടുകൾ ചെറുതും വലുതും ഇവിടെനിന്ന് ലഭിക്കും. ചെറുതിനു 350 മുതൽ നാനൂറ് രൂപവരെയും, വലുതിനു 900 രൂപയുമാണ് കിലോഗ്രാമിന് വില. രാവിലെ തുടങ്ങുന്ന കച്ചവടം വൈകുന്നേരം വരെ നീളും.