മുളങ്കുന്നത്തുകാവ്: ഓണമൊന്നു കഴിയട്ടെ, എന്നിട്ടു വേണം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കാൻ. കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രചരണം എങ്ങനെ നടത്തണമെന്ന് തല പുകഞ്ഞാലോചിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
ജനങ്ങളും പ്രചരണത്തിന്റെ തോത് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ്. പല പാർട്ടികളും മതിലുകളും റോഡുകളുമൊക്കെ പേരെഴുതാൻ ബുക്കിംഗ് നടത്തിക്കഴിഞ്ഞു.
ആളുകളെ നേരിട്ട് കാണാൻ വീട്ടിലെത്താൻ തടസങ്ങളുണ്ടാകുമെന്നതിനാൽ റോഡും മതിലുകളും കൈയടക്കി സ്ഥാനാർഥിയുടെ പേരുകളെഴുതി പിടിപ്പിക്കാനാണ് ആദ്യ നീക്കം നടത്തുന്നത്. ഇതിനായി ബൂത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
മാസ്ക്കിട്ട് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പിടിപ്പുകേടുകൾ എല്ലാം തുറന്നു കാട്ടാനുള്ള തത്രപ്പാടിലാണ് പ്രതിപക്ഷ പാർട്ടികൾ.
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖം നഷ്ടമാകാതിരിക്കാൻ ഇതിനകം തന്നെ ലഘുലേഖകളുമായി സിപിഎം വീടുകൾ തോറും കയറിയിറങ്ങി കഴിഞ്ഞു. കാര്യമായ പൊതു യോഗങ്ങളൊന്നും നടത്താൻ കഴിയാത്തതിനാൽ ലഘുലേഖകളിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.