പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും ഭാര്യയും പോലീസിൽ കീഴടങ്ങി. ഇവരുടെ രണ്ട് പെണ്മക്കളെ കഴിഞ്ഞദിവസം ഡൽഹിയിൽ പിടികൂടിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്ഥാപന ഉടമ കോന്നി വകയാർ ഇണ്ടിക്കാട്ടിൽ തോമസ് ദാനിയേൽ (റോയി), ഭാര്യ പ്രഭ തോമസ് എന്നിവർ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെത്തി കീഴടങ്ങിയത്.
ഇവരുടെ മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഓസ്ട്രേലിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഡൽഹിയിലെത്തിയ കേരള പോലീസ് സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ പത്തനംതിട്ടയിലെത്തിച്ചു.
കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന് കേരളത്തിനകത്തും പുറത്തുമായി 276 ശാഖകളാണുണ്ടായിരുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളവർ പണം ആവശ്യപ്പെട്ട് തിരികെ ലഭിക്കാതെ വന്നതിനെത്തുടർ ന്നുള്ള പരാതികളിലാണു നടപടി. ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി അഞ്ഞൂറിലേറെ പരാതികളുണ്ട്. നിക്ഷേപകർ ആക്ഷൻ കൗണ്സിൽ രൂപീകരിച്ച് വകയാറിലെ ഹെഡ് ഓഫീസിനു മുന്പിൽ ഇന്നലെ പ്രതിഷേധിച്ചു.
ഉടമ, ഭാര്യ, മക്കൾ എന്നിവർ കൂടാതെ മരുമക്കൾ, ഫിനാൻസ് മാനേജർ അടക്കം എട്ടുപേർക്കെതിരെയാണ് കേസ്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 25 അംഗ സംഘത്തിനു രൂപം നൽകി. ഡിഐജി ഹർഷിത അട്ടല്ലൂരിക്കാണ് മേൽനോട്ടച്ചുമതല. വിദേശത്തെ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഇന്റർപോളിന്റെ സഹായവും തേടും.