സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയഞ്ചോളം ഫയലുകളാണ് ഭാഗികമായി കത്തിയതെന്ന് ദുരന്തനിവാരണ കമ്മീഷണർ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
ഇതിൽ 20 എണ്ണം വിജ്ഞാപനങ്ങളാണ്. പ്രധാനപ്പെട്ട ഫയലുകൾ കത്തിയതിന്റെ കൂട്ടത്തിൽ ഇല്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓണം കഴിഞ്ഞ് സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.
സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.
പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സംശയകരമായ സാഹചര്യമില്ലെന്നാണു പോലീസിന്റെയും വിലയിരുത്തൽ. ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്കാൻ ചെയ്തു നന്പരിട്ട് സീൽ ചെയ്ത അലമാരകളിൽ സൂക്ഷിക്കുന്നുണ്ട്.
ആക്ഷേപങ്ങൾ ഒഴിവാക്കാനും ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ, തെളിവെന്ന നിലയിൽ ഹാജരാക്കാനുമാണു ഫയലുകളുടെ പരിശോധന വീഡിയോയിൽ പകർത്തിയത്. അപകടത്തെക്കുറിച്ചുള്ള ഗ്രാഫിക്സ് വീഡിയോ തയാറാക്കും.
തീപടർന്നതിന്റെ കാരണം വിശദീകരിക്കാനാണ് വീഡിയോ തയാറാക്കുന്നത്. ഫോറൻസിക് പരിശോധന കഴിഞ്ഞാൽ വിഡിയോ പൂർത്തീകരിക്കും.
കൗശികന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ മൊഴിയെടുക്കും. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ, അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ എന്നിവരുടെ മൊഴി എടുത്തിട്ടുണ്ട്.
ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസിൽനിന്ന് അറിയിച്ചത് അനുസരിച്ചാണ് സ്ഥലത്ത് എത്തിയതെന്നാണ് അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർ രാജീവന്റെ മൊഴി. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലും ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.