കടുത്തുരുത്തി: 135 ൽ പരം രാജ്യങ്ങളുടെ കറൻസികളുടെയും 40 ഓളം രാജ്യങ്ങളുടെ നാണയങ്ങളുടെയും അപൂർവ ശേഖരവുമായി റിട്ട എസ്ഐ.
മുട്ടുചിറ പറന്പ്രം മിഖായേൽ മൗണ്ട് ഭാഗത്ത് താമസിക്കുന്ന വടകര വീട്ടിൽ വി.സി. ആന്റിണിയാണ് വിവിധ രാജ്യങ്ങളുടെ കറൻസികളുടെയും നാണയങ്ങളുടെയും അപൂർവ ശേഖരവുമായി വിസ്മയിപ്പിക്കുന്നത്. ഇന്ത്യയുടെ പഴയ നോട്ടുകളും നാണയങ്ങളുമെല്ലാം ഇദേഹത്തിന്റെ ശേഖരത്തിലുണ്ട്.
ഓസ്ട്രേലിയയിൽ നഴ്സിംഗ് മേഖലയിൽ ജോലി നോക്കുന്ന മക്കളായ ഡാനി, ഡോണ, ഡയാന എന്നിവർ ശേഖരിച്ചു നൽകിയ കറൻസികളുടെ എണ്ണം വർധിച്ചു വന്നതോടെയാണ് ആന്റിണിക്ക് ഇവ ശേഖരിക്കാനുള്ള താത്പര്യമുണ്ടാകുന്നത്.
അമേരിക്ക, കാനഡ, യുകെ, സ്വിറ്റ്സർലാൻഡ്, ഡെൻമാർക്ക്, നോർത്ത് അമേരിക്കൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയുമെല്ലാം കറൻസികൾ ഇദേഹത്തിന്റെ പക്കലുണ്ട്. റഷ്യ, ചൈന, മംഗോളിയ, തായ്ലാൻഡ്, തായ്വാൻ, ജപ്പാൻ, ഫിലിപ്പൻസ്, മലേഷ്യ, ഇന്ത്യനേഷ്യാ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, കൊറിയ, തുർക്കി, ഓസ്ട്രിയ, ഫിൻലാൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങീ രാജ്യങ്ങളുടെ നോട്ടു ശേഖരവും ആന്റണിക്കുണ്ട്.
നമ്മുടെ നാട്ടിൽ ഉപയോഗത്തിലിരുന്ന അണ, കൊച്ചുകാശ്, ചക്രം, ഓട്ടകാലണ തുടങ്ങിയവയും വിദേശരാജ്യങ്ങളിലെ നാണയങ്ങൾക്കൊപ്പം ഇദ്ദേഹം നിധി പോലെ സൂക്ഷിക്കുന്നു. വിദേശത്ത് ജോലി നോക്കുന്ന ബന്ധുക്കളും മർച്ചന്റ് നേവിയിലെ സുഹൃത്തുക്കളും കറൻസികളുടെ ശേഖരണത്തിന് ആന്റിണിയെ സഹായിച്ചിട്ടുണ്ട്.
തന്റെ പക്കലുള്ള കറൻസികളെല്ലാം ഒരു ബോർഡിലൊട്ടിച്ചു വീടിന്റെ സ്വീകരണ മുറിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. പത്തുവർഷത്തിലേറേയായുള്ള പരിശ്രമം കൊണ്ടാണ് ഭർത്താവിത്രയും കറൻസികളും നാണയങ്ങളും ശേഖരിച്ചതെന്ന് ആൻണിയുടെ ഭാര്യ മോളിക്കുട്ടി പറഞ്ഞു..