മുക്കം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണാഘോഷം നടത്തിയ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കമുള്ള അമ്പതോളം ജീവനക്കാർക്കെതിരേ മുക്കം പോലീസ് കേസെടുത്തു.
ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ രോഗ പകർച്ച ഉണ്ടായതിനെ തുടർന്ന് ആശുപത്രി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ ആയിരിക്കെയാണ് ഗൈനക്കോളജി,പീഡിയാട്രിക്സ് വിഭാഗങ്ങളിലെ ജീവനക്കാർ ഓണാഘോഷം നടത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരിപാടിയുടെ ഫോട്ടോ ശ്രദ്ധയിൽപ്പെട്ട പോലീസ് എപ്പിഡമിക് ആക്ട്, ഐപിസി എന്നിവ പ്രകാരം ആശുപത്രിയിലെ ജീവനക്കാർക്കെതിരെ കേസെടുക്കുകയായിരുന്നു.
ആശുപത്രിയിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ആളുകളോട് മുക്കം നഗരസഭ ആന്റിജൻ ടെസ്റ്റിന് വിധേയമാകാൻ നിർദേശം നൽകിയിരുന്നു.
എന്നാൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ഓട്ടോറിക്ഷയിൽ അഞ്ചിലധികം ആളുകളുമായി കുത്തിനിറച്ച് ടെസ്റ്റിന് വന്നത് വിവാദമായിരുന്നു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് വാഹനങ്ങളിൽ ടെസ്റ്റിന് എത്താൻ നിർദേശിച്ചിരുന്നെങ്കിലും അതവഗണിച്ച് വന്നതിനെത്തുടർന്ന് മുക്കം പോലീസ് കേസെടുത്തു.
ആരോഗ്യവകുപ്പ് നഗരസഭയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ നഗരസഭ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. കൂടാതെ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ടെസ്റ്റിന് ക്വാറന്റൈനിൽ കഴിയുന്നവരെ കൊണ്ടുവന്നതിന് നടപടിയെടുക്കാൻ നഗരസഭ മോട്ടോർവാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.