ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിന്റെ ശിഷ്യനും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു പ്രണാബ് കുമാർ മുഖർജി. നെഹ്റുവിന്റെ ദർശനങ്ങളുമായി ചേർന്നുനിൽക്കുന്ന നിലപാടുകൾ അദ്ദേഹത്തിൽ എന്നും പ്രകടമായിരുന്നു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് പ്രണാബിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. ബംഗാളിൽ ബിർഭും ജില്ലയിലെ മിറാട്ടി എന്ന ചെറുഗ്രാമത്തിൽ നിന്ന് റെയ്സീന കുന്നുകളിലെ രാഷ്ട്രപതി ഭവനിലെത്തിച്ചേര്ന്ന വ്യക്തിയാണ് പ്രണാബ് കുമാർ മുഖർജി. 1935 ഡിസംബർ 11 നു മിറാട്ടിയിലാണു പ്രണാബ് ദാ ജനിച്ചത്.
സ്വാതന്ത്യ സമരസേനാനിയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ് കുമാർ മുഖർജിയാണു പിതാവ്. പഠനത്തിൽ അതിസമർഥനായിരുന്നു പ്രണാബ്.
ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദവും നിയമബിരുദവും സ്വന്തമാക്കിയ അദ്ദേഹത്തെ 2011 ൽ വോൾവർ ഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റി ഡിലിറ്റ് ബിരുദം നല്കി ആദരിച്ചു.
2012ൽ ആസാം യൂണിവേഴ്സിറ്റിയും ഡിലിറ്റ് ബിരുദം നൽകി. കോളജ് അധ്യാപകനും പത്രപ്രവർത്തകനുമായി സേവനമനുഷ്ഠിക്കുന്നതിനു മുന്‍പ് യുഡി ക്ലാർക്കായിട്ടാണു പ്രണാബ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീടു രാഷ്ട്രീയത്തിലെത്തി.
1969ൽ മിഡ്നാപുരിൽ വി.കെ.കൃഷ്ണ മേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണചുമതലയിൽ കാണിച്ച മികവ് കണ്ടാണ് പ്രണാബിനെ ഇന്ദിരാഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്.
മൻമോഹൻ സർക്കാരിൽ പ്രതിരോധമന്ത്രിയായും 2006 മുതൽ 2009 വരെ വിദേശകാര്യമന്ത്രിയായും 2009 മുതൽ 2012 വരെ ധനമന്ത്രിയായും പ്രണാബ് സേവനമനുഷ്ഠിച്ചു. 2010 ൽ എമർജിംഗ് മാർക്കറ്റ്സ് പ്രണാബിനെ ആ വർഷത്തെ ഏഷ്യയിലെ മികച്ച ധനകാര്യമന്ത്രിയായി തെരഞ്ഞെടുത്തു.