1930കളിൽ അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ വനിതാ കുറ്റവാളിയാണ് ബോണി പാർക്കർ. ബോണിയെക്കുറിച്ചു പറയുന്പോൾ ക്ലൈഡ് ബാരോ എന്ന അവളുടെ കാമുകനെക്കുറിച്ചും പറയേണ്ടി വരും.
ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ക്ലൈഡ് ബാരോയോടുള്ള ബോണിയുടെ പ്രണയമാണ് അവളെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചതെന്നു പറയാം.
ചെറുപ്പത്തിൽ ഒരു പാവം
1910 ഒക്ടോബർ ഒന്നിന് ടെക്സാസിലാണ് എമ്മയുടെയും ചാൾസ് പാർക്കറുടെയും മകളായി ബോണിയുടെ ജനനം. ബോണി രണ്ടാമത്തെ കുട്ടിയായിരുന്നു. ബോണിക്കു മൂത്തതു സഹോദരനും ഇളയതു സഹോദരിയുമായിരുന്നു.
നാലു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മ ഡള്ളാസിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു ബോണിയെ കൊണ്ടുചെന്നാക്കി. അവിടെ സ്കൂളിൽ പഠനം തുടങ്ങി. പഠിക്കാനൊക്കെ മിടുക്കി. കവിതകളോടും സാഹിത്യത്തോടുമൊക്കെ നല്ലഅടുപ്പം അവൾക്കുണ്ടായിരുന്നു.
ഒരു സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് ഒരുങ്ങി നടക്കുന്നതു ശീലമാക്കി. ഇങ്ങനെയൊരു പെൺകുട്ടി പിന്നീടു നാടിനെ വിറപ്പിക്കുന്ന ക്രിമിനൽ ആയി മാറിയതു കണ്ട് ജനം അന്തംവിട്ടു. ഇവൾക്കിതെങ്ങനെ സാധിക്കുന്നുവെന്നോർത്തു ബോണിയുടെ ബാല്യകാല സുഹൃത്തുക്കൾ അദ്ഭുതം കൂറി. കാരണം ചെറുപ്പത്തിൽ അവർക്കെല്ലാം ഒാമനയായിരുന്നു ഈ പെൺകുട്ടി.
16-ാം വയസിൽ വിവാഹം
ഹൈസ്കൂളിൽ പഠിക്കുന്പോഴാണ് സഹപാഠിയായ റോയ് തോണ്‍ടണുമായി ബോണി പ്രണയത്തിലാകുന്നത്. 1926 സെപ്റ്റംബറിൽ, ബോണിയുടെ പതിനാറാം പിറന്നാളിന് ദിവസങ്ങൾക്കു മുമ്പ് അവർ വിവാഹിതരായി.
ഇതോടെയാണ് ബോണിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നതെന്നു പറയാം. വിവാഹം ഇരു വീടുകളിലും വലിയ പ്രശ്നമായി മാറി. കാമുകനോടുള്ള ഇഷ്ടം കൂടിയപ്പോൾ തന്റെ വലതു തുടയിൽ റോയിയുടെ പേരു പച്ചകുത്താനും അവൾ ഒരുന്പെട്ടു.
എന്നാൽ, ഇവരുടെ വിവാഹ ജീവിതം പ്രണയകാലം പോലെ അത്ര സുഖകരമായിരുന്നില്ല. വൈകാതെ വേർപിരിയാൻ തീരുമാനിച്ചു. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും ഇരുവരും പിരിഞ്ഞു.
1929ൽ തോണ്ടണിന് ഒരു മോഷണക്കേസിൽ അഞ്ച് വർഷം തടവ് ലഭിച്ചു. ഇതിനിടെ, ബോണി മുത്തശിക്കൊപ്പം താമസം തുടങ്ങി. പിന്നീടൊരിക്കലും ഇരുവരും പരസ്പരം കണ്ടിട്ടില്ല.
പുതിയ സുഹൃത്ത്
1930 ജനുവരിയിലാണ് ബോണി പാർക്കറും ക്ലൈഡ് ബാരോയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരുടെയും പൊതുസുഹൃത്ത് മുഖാന്തിരമായിരുന്നു ആ കൂടിക്കാഴ്ച. അന്നു ബോണിക്ക് 19 വയസ്.
ക്ലൈഡിന് 20 വയസ്. ക്ലൈഡ് ബാരോ നേരത്തെതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ബോണിയും ക്ലൈഡും തമ്മിലുള്ള പ്രണയം ശക്തമായി തുടരുന്നതിനിടയിൽ ക്ലൈഡ് വിവിധ ക്രിമിനൽ കേസുകളിൽ പിടിയിലായി, വൈകാതെ ജയിലിലും
പ്രണയം തലയ്ക്കുപിടിച്ച ബോണി വല്ലാതെ അസ്വസ്ഥതയായി. ക്ലൈഡിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ജയിലിലെ അഴികൾക്കുള്ളിൽ കഴിയുന്പോഴും ബോണിയെ കാണാൻ അവൻ കൊതിച്ചു. എങ്ങനെയും ഇവിടെനിന്നു രക്ഷപ്പെടണമെന്ന തോന്നൽ ശക്തമായി.
അവന്റെ ആഗ്രഹം മനസിലാക്കിയ ബോണി ക്ലൈഡിനു ജയിലിൽനിന്നു രക്ഷപ്പെടാൻ വഴിയൊരുക്കി. ജയിൽ സന്ദർശനം നടത്തിയ ബോണി പോലീസുകാർ കാണാതെ ജയിലിലേക്ക് ഒരു തോക്ക് കടത്തി. തോക്ക് കിട്ടിയ ക്ലൈഡ് രക്ഷപ്പെടാനുള്ള തയാറെടുപ്പുകൾ നടത്തി. ഇതിനായി സഹതടവുകാരുടെ സഹായവും തേടി.
1930 മാർച്ച് 11ന് ക്ലൈഡ് സഹതടവുകാരുമായി ചേർന്നു ജയിൽ ചാടി. പക്ഷേ, ആ രക്ഷപ്പെടലിന് ആയുസ് കുറവായിരുന്നു. ജയിൽ ചാടി ഒരാഴ്ച പിന്നിട്ടപ്പോൾ ക്ലൈഡ് വീണ്ടും അകത്തായി. തുടർന്ന് ക്ലൈഡിനെ 14 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു.
പരോളിൽ പുറത്ത്
കുറെക്കാലം കഴിഞ്ഞപ്പോൾ ക്ലൈഡിനു പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചു. കോടതി 1932 ഫെബ്രുവരിയിൽ ക്ലൈഡിനു പരോൾ അനുവദിച്ചു. ഇതോടെ ജയിൽ മോചിതനായ ക്ലൈഡ് ആദ്യം പോയത് ബോണി തേടിയായിരുന്നു.
അവൻ പെട്ടെന്നു പണമുണ്ടാക്കാൻ പുതിയ ക്രിമിനൽ പദ്ധതികൾ ആസൂത്രണം ചെയ്തു. ബോണിയും ഒപ്പംകൂടി. തങ്ങളുടെ ആശയവുമായി യോജിക്കുന്ന കുറച്ചു ചെറുപ്പക്കാരെയും ക്ലൈഡ് സംഘടിപ്പിച്ചു.
കവർച്ചയും കൊലപാതകവും
ജയിൽ മോചിതനായ ക്ലൈഡും സംഘവും അമേരിക്കയെ വിറപ്പിക്കുന്ന തരത്തിലുള്ള കവർച്ചകളുമായിട്ടാണ് പിന്നെ മുന്നോട്ടുപോയത്. ബാങ്ക് കവർച്ചയായിരുന്നു ഇവരുടെ പ്രധാന മേഖല. ഇതോടൊപ്പം ബിസിനസ് സ്ഥാപനങ്ങളും ഗ്യാസ് സ്റ്റേഷനുകളിലുമൊക്കെ കവർച്ച നടത്തി.
തങ്ങളെ നേരിടാൻ വരുന്നവരെ കൊലപ്പെടുത്താനും ഇവർ മടി കാണിച്ചില്ല. ടെക്സസ്, ഒക്ലഹോമ, മിസോറി, ന്യൂ മെക്സിക്കോ, ലൂസിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിട്ടായിരുന്നു ഇവരുടെ തേർവാഴ്ച കൂടുതലും നടന്നത്. കവർച്ചയിലൂടെ ധാരാളം പണം ഇവർ സന്പാദിച്ചു.
ബോണി ജയിലിൽ
ഇതിനിടെ ഒരു കവർച്ചാകേസിൽ ബോണി രണ്ടു മാസം ജയിലിലായി. ജയിലിൽ കിടക്കുന്പോഴെല്ലാം അവൾ കവിതയെഴുതി. ക്ലൈഡുമായുള്ള തന്റെ പ്രണയമായിരുന്നു കവിതയുടെ ഉള്ളടക്കം. ജയിൽ മോചിതയായപ്പോൾ വീണ്ടും ക്ലൈഡിനോടൊപ്പം ചേർന്ന് അവൾ കുറ്റകൃത്യങ്ങൾക്കു നേതൃത്വം നൽകി.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു കൊള്ളകള്‍ ആസൂത്രണം ചെയ്തു. ഇതോടെ ഇവർ അമേരിക്ക മുഴുവൻ കുപ്രസിദ്ധയായി. പലപ്പോഴായി ഒന്‍പതു പോലീസുകാരെ ഉൾപ്പെടെ 13 പേരെ ക്ലൈഡ- ബോണി സംഘം കൊലപ്പെടുത്തിയതായിട്ടാണ് കണക്ക്. ഇവരുടെ തേർവാഴ്ച ഭരണകൂടങ്ങൾക്കു തലവേദനയായി മാറി. ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചു.
അവസാനം ഇങ്ങനെ
ബോണിയെയും ക്ലൈഡിനെയും കുടുക്കാൻ വല വിരിച്ചു പോലീസ് കാത്തിരുന്നു. ഒടുവിൽ ഇവർ ലൂസിയാനയിൽ ഉള്ളതായി പോലീസിനു വിവരം ലഭിച്ചു.
ബോണിയും ക്ലൈഡും കാറോടിച്ചു വരികയായിരുന്നു. റോഡിന്റെ വശങ്ങളിലും കുറ്റിക്കാട്ടിൽ പോലീസ് സംഘം ഒളിച്ചിരുന്നു. കാർ അടുത്തെത്തിയതും തുരുതുരാ തോക്കുകൾ ഗർജിച്ചു. ശരവർഷം പോലെ വെടിയുണ്ടകൾ കാറിൽ പതിച്ചു. ചില്ലുകൾ തകർന്നു.
ബുള്ളറ്റുകൾ നിരവധിയെണ്ണം ഈ അധോലോക നേതാക്കളുടെ ശരീരവും തുളച്ചു. കാറിന്റെ ഡോർ ബുള്ളറ്റുകൾകൊണ്ട് അരിപ്പപോലെയായി. അമേരിക്ക കണ്ട കൊടും കുറ്റവാളികളുടെ പതനം…1934 മേയ് 23ന് ടെക്സാസ്, ലൂസിയാന സംസ്ഥാന പോലീസ് സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ബോണിയും ക്ലൈഡും കൊല്ലപ്പെടുന്നത്.
കൊടും കുറ്റവാളികളാണെങ്കിലും ബോണിയുടെയും ക്ലൈഡിന്റെയും പ്രണയം അമേരിക്കക്കാരുടെ മനസിൽ ഇപ്പോഴുമുണ്ട്. ഇവരുടെ ജീവിതകഥയെ ആസ്പദമാക്കി 1967ൽ ബോണി ആൻഡ് ക്ലൈഡ് എന്ന സിനിമ ഹോളിവുഡിൽ പുറത്തിറങ്ങിയിരുന്നു.
ഇവർ വെടിയേറ്റ് കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള ചിത്രം ഏറെ വൈറലായിരുന്നു. ഇരുവരും കെട്ടിപ്പുണര്‍ന്നു ചുംബിക്കുന്ന ഫോട്ടോയാണ് ശ്രദ്ധിക്കപ്പെട്ടത്. തങ്ങള്‍ വൈകാതെ പിടിക്കപ്പെടാനും കൊല്ലപ്പെടാനും പോവുകയാണെന്നു തിരിച്ചറിഞ്ഞപ്പോഴുള്ള അവസാന ചുംബനമായിരുന്നു ഇവർ ഫോട്ടോയിലൂടെ ലോകത്തെ കാണിച്ചത്.