മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച മഹാനടൻ. മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുലിമുരുകൻ ആയിരുന്നു 100 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമ.
മലയാളത്തിൽ ആദ്യ 50 (ദൃശ്യം),100,150 (ലൂസിഫർ) കോടി കളക്ഷനുകൾ നേടിയ ആദ്യസിനിമകളും മോഹൻലാലിന്റെതാണ്. എന്നാൽ വെള്ളിത്തിരയിലെത്താൻ ഭാഗ്യമില്ലാതെ പോയ നിരവധി മോഹൻലാൽ ചിത്രങ്ങളുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ.
1. ബ്രഹ്മദത്തൻ
അടിവേരുകൾ, ദൗത്യം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി അനിൽ വക്കം സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രഹ്മദത്തൻ. കമലഹാസൻ നായകനായ സൂരസംഹരാം എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയെടുത്തത്.
എന്നാൽ തിരക്കഥയിൽ ചില പ്രശ്നങ്ങൾ വന്നതോടെ ചിത്രം മുന്നോട്ടു പോയില്ല. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐ വി ശശി സിനിമ സംവിധാനം ചെയ്തെങ്കിലും ചിത്രം പരാജയപ്പെട്ടു.
2. ഓസ്ട്രേലിയ
മോഹൻലാൽ, ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓസ്ട്രേലിയ. രമ്യ കൃഷ്ണനായിരുന്നു ചിത്രത്തിലെ നായിക. കാർ റേസിംഗുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറഞ്ഞത്.
എന്നാൽ ബജറ്റ് താങ്ങാനാവാതെ ചിത്രം തൊട്ടടുത്ത വർഷത്തിലേക്ക് നീട്ടിവെച്ചു. എന്നാൽ പിന്നീട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. ഒടുവിൽ രാജീവ് അഞ്ചലിന്റെ തന്നെ ചിത്രമായ ബട്ടർ ഫ്ളൈസിൽ ഈ ചിത്രത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു.
3. സ്വർണച്ചാമരം
രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് സ്വർണച്ചാമരം. ശിവാജി ഗണേശനും മോഹൻലാലുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എന്നാൽ ചില കാരണങ്ങളാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്നോട്ട് പോയില്ല. പിന്നീട് ഈ ചിത്രത്തിനു മോഹൻലാലും ശിവാജി ഗണേഷനും നൽകിയ ഡേറ്റ് ഉപയോഗിച്ച് പ്രതാപ് പോത്തൻ ഒരു യാത്രാമൊഴി എന്ന ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.
4. സ്വപ്നമാളിക
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി കെ.എ. ദേവരാജൻ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്നമാളിക. മോഹൻലാൽ തന്നെ കഥ എഴുതിയ ചിത്രം പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രീകരണം പൂർത്തിയാവാതെ പോവുകയായിരുന്നു.
5. ചക്രം
മോഹൻലാൽ, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ചക്രം. പക്ഷേ സാങ്കേതിക കാരണങ്ങൾ ചിത്രം നടക്കാതെ പോയി. പിന്നീട് ലോഹിതദാസ് പൃഥ്വിയെയും , മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ചക്രം പൂർത്തിയാക്കുകയായിരുന്നു.
-പി.ജി