കോഴിക്കോട് : കോവിഡ് ഭീതിയും ആശങ്കകളും മാറ്റി വച്ച് യുവാവിന് പുതുജീവനേകി എസ്ഐ. കണ്ട്രോള് റൂം എസ്ഐയും വയനാട് പുളിയാര്‍മല സ്വദേശിയുമായ രവികുമാറാണ് മൂടാടി സ്വദേശിയായ 22 കാരനെ രക്ഷപ്പെടുത്തിയത്.
ഇക്കഴിഞ്ഞ 29 ന് പകലാണ് സംഭവം. കണ്ട്രോള് റൂം വാഹനം പട്രോളിംഗ് നടത്തുന്നതിനിടെയാണ് വലിയങ്ങാടിയില്‍ ഒരു അഞ്ജാത യുവാവ് അവശനിലയിലുണ്ടെന്ന വിവരം ലഭിച്ചത്.
ഉടന്‍ തന്നെ എസ്ഐ സ്ഥലത്തെത്തി. യുവാവ് മയക്കുമരുന്നു കഴിച്ചതായാണ് നാട്ടുകാര്‍ക്ക് തോന്നിയത്. പോലീസെത്തുമ്പോള്‍ യുവാവ് അവശനിലയിലായിരുന്നുള്ളത്.
ശരീരം വിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട എസ്ഐ ചായ വാങ്ങി നല്കാന് ആവശ്യപ്പെട്ടു. ഇതിനിടെ മേല്‍വിലാസവും തിരക്കി. സമീപത്തുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളി ചായയും ലഘുഭക്ഷണവും വാങ്ങി നല്കി.
കഴിക്കാന്‍ തുടങ്ങവെ യുവാവ് അബോധാവസ്ഥയിലായി. വായയില്‍ നിന്നും നുരയും പതയും വാരാന്‍ തുടങ്ങിയതോടെ എസ്ഐ കൈയിലുള്ള ഗ്ലൗസ് ധരിച്ചു അവനെ താങ്ങിയെടുത്ത് കിടത്തി. ഉടന്‍ തന്നെ ആംബുലന്‍സ് വരാന്‍ നിര്‍ദേശം നല്കി.
അപ്പോഴേക്കും യുവാവിന്റെ വായയില്‍ നിന്ന് നുരയും പതയും വന്ന് ശ്വാസം കിട്ടാത്ത അവസ്ഥയിലായി . പിപിഇ കിറ്റ് ധരിച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്തണമെന്നായിരുന്നു പോലീസിന് ലഭിച്ച നിര്‍ദേശം.
എന്നാല്‍ അപ്പോഴേക്കും യുവാവിന്റെ സ്ഥിതി വഷളാവുമെന്ന് കണ്ട എസ്ഐ ഉടന്‍ തന്നെ അവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും അതെല്ലാം മാറ്റി നിര്‍ത്തി എസ്ഐ അവന്റെ മുഖം വെള്ളമുപയോഗിച്ച് കഴുകി. അപ്പോഴേക്കും ആംബുലന്‍സ് സ്ഥലത്തെത്തി. ഉടന്‍ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചു.
ഇന്നലെ യുവാവ് അപകട നില തരണം ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. വീട്ടിലുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് യുവാവ് വീട് വിട്ടിറങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
“കോവിഡ് വന്നാല്‍ ചികിത്സിച്ചാല്‍ ഞാന്‍ രക്ഷപ്പെടും. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ആ യുവാവ് മരിക്കും’. ഈ ചിന്തയില്‍ നിന്നാണ് കോവിഡ് മറന്ന് എസ്ഐ യുവാവിനെ രക്ഷപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പാണ് എസ്ഐ രവികുമാര്‍ കോഴിക്കോട് സിറ്റിയിലെത്തിയത്. കണ്ട്രോള് റൂമില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു.