ശ്രീകണ്ഠപുരം(കണ്ണൂർ): എലിവിഷം ഉള്ളിൽ ചെന്ന് രണ്ടര വയസുകാരി മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട്ടിൽ അനീഷിന്റെ ഭാര്യ സ്വപ്ന (34) യാണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വപ്ന ഇന്ന് പുലർച്ച ഒന്നോടെയാണ് മരിച്ചത്. ഇവരുടെ മകൾ അൻസില കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. സഹോദരി അസിൻ മരിയ (11) യും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. എലിവിഷം ഐസ്ക്രീമിൽ ചേർത്ത് സ്വപ്നയും മക്കളും കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വിഷം ഉള്ളിൽ ചെന്ന് കുട്ടികൾ ഛർദിച്ചതതോടെ സ്വപ്ന പയ്യാവൂരിലെ ്വകാര്യ ക്ലിനിക്കിൽ ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു.
ക്ലിനിക്കിലെ സ്റ്റാഫ് പോലീസിൽ അറിയിക്കുകയും പോലീസെത്തി സ്വപ്നയേയും മക്കളെയും കണ്ണൂർ മിംസ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നില ഗുരുതമായതോടെ ഇവിടുന്ന് കോഴിക്കോട് മിംസിലേക്ക് മാറ്റുകയായിരുന്നു.
പയ്യാവൂർ ടൗണിൽ അക്കൂസ് കളക്ഷൻസ് എന്ന ടെക്സ്റ്റെയിൽസ് സ്ഥാപനം നടത്തുകയാണ് സ്വപ്ന. ഭർത്താവ് അനീഷ് ഇസ്രായേലിലാണ്. സഹോദരൻ: സനീഷ് (തിരൂർ). കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാഞ്ഞിരക്കൊല്ലി വിമലാംബിക ദേവാലയത്തിൽ സംസ്കരിക്കും.