മൂവാറ്റുപുഴ: തമിഴ്നാട്ടിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളുമായി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി ഫോണിൽ സംസാരിച്ചത് 900 മിനിറ്റിലേറെ.
സംഭവത്തിൽ അന്വേഷണത്തിനായി തമിഴ്നാട് പോലീസ് കഴിഞ്ഞ ദിവസം പെരുമറ്റം സ്വദേശിയുടെ വീട്ടിലെത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള 20 അംഗ പോലീസ് സംഘമാണ് എത്തിയത്. ഇവർ പെരുമറ്റം സ്വദേശിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സംഭവത്തിലെ ദുരൂഹത മാറ്റാതെയാണ് മടങ്ങിയത്.
തമിഴ്നാട്ടിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപെട്ട കേസിൽ പോലീസ് തിരയുന്ന മുഖ്യപ്രതിയെ സംബന്ധിക്കുന്ന വിവരങ്ങൾ തേടിയാണ് ചെന്നൈ പോലീസ് തിരുവോണ നാളിൽ മൂവാറ്റുപുഴയിലെ പെരുമറ്റത്ത് എത്തിയത്. ഒന്നാം പ്രതിയുമായി യുവാവ് 900ത്തിലേറെ മിനിറ്റുകൾ സംസാരിച്ചിരുന്നു.
ഇതേതുടർന്ന് മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കാതെ തിരുവോണദിനത്തിൽ ഉച്ചയോടെയാണ് രണ്ട് വാഹനങ്ങളിലായി സംഘം എത്തിയത്. സംഭവമറിയാൻ ജനം യുവാവിന്റെ വീടിനു മുന്നിൽ തടിച്ചു കൂടി.
തുടർന്ന് സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയായിരുന്നു. ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ചെന്നൈയിൽ ഐടി കമ്പനി നടത്തുകയാണ് യുവാവ്.
ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് സംസാരിച്ചിട്ടുള്ളതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞതെന്നതാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ഇനിയും ചെന്നൈയിൽ നിന്ന് പോലീസ് വരുമെന്നാണ് അറിയുന്നത്.