കൂത്തുപറമ്പ്: മൂന്നരക്കിലോ കഞ്ചാവുമായി ഉളിയിൽ സ്വദേശി അറസ്റ്റിൽ. ഉളിയിൽ നസീമ മൻസിലിൽ മുഹമ്മദ് മുഷ്താഖി(24)നെയാണ് കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൂട്ടുപുഴ മുതൽ കണ്ണൂർ വരെയുള്ള ചില്ലറ കഞ്ചാവ് വില്പനക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ സമീപിക്കുകയായിരുന്നു. ചാലോട് വെച്ചാണ് ഇയാളെ പിടികൂടിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വലിയ ചരക്ക് വാഹനങ്ങളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന രീതിയാണ് ഇയാൾ സ്വീകരിച്ചിരുന്നത് .
ഇതിനെത്തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ആഴ്ചകളോളം പിൻതുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇരിട്ടി – ഉളിയിൽ ഭാഗത്തെ പ്രധാന കഞ്ചാവ് വില്പനക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു.
പിടികൂടിയ കഞ്ചാവിന് ചില്ലറ വിൽപന വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരും. കോവിഡിന്റെ പാശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കിയതിനെത്തുടർന്ന് അവശ്യ സാധനങ്ങൾ എത്തിക്കുന്ന അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ചരക്ക് ലോറികളിൽ ഉൾപ്പെടെയാണ് ലഹരി വസ്തുക്കൾ കേരളത്തിലെത്തുന്നത് .
കമ്മീഷണർ സ്പെഷൽ സ്ക്വാഡ് അംഗം പി.ജലീഷ് , ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സ്പെഷൽ സ്ക്വാഡ് അംഗം കെ. ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ യു.സ്മിനീഷ് , പി.ടി. സജിത്ത്, കെ. നിവിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വരും ദിവസങ്ങളിൽ കഞ്ചാവ് കടത്തുക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു. പ്രതിയെ മട്ടന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.