തിരുവനന്തപുരം: കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെയും രണ്ടില ചിഹ്നത്തിന്റെയും അവകാശം ജോസ്.കെ.മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതോടെ ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫിനൊപ്പം കൂട്ടാൻ യുഡിഎഫിൽ ധാരണ. ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫിനൊപ്പം കൂട്ടാനുള്ള ചർച്ചകൾക്ക് ലീഗ് തുടക്കമിടും.
ഇതു സംബന്ധിച്ച് എം.കെ. മുനീർ എന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം ലീഗ് ജോസ്.കെ.മാണി വിഭാഗവുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കും.
അതേസമയം ഇക്കാര്യത്തിൽ യുഡിഎഫിന്റെ നിലപാടുകൾ നാളെ വെളിപ്പെടുത്തുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇടതു സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസത്തിൽ നിന്ന് ജോസ്.കെ.മാണി പക്ഷം വിട്ടു നിന്നിരുന്നു. ഇതോടെ ജോസ് പക്ഷവുമായി എല്ലാ ബന്ധവും അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു യുഡിഎഫ്.
ജോസ്.കെ.മാണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നതോടെ യുഡിഎഫ് നേതൃത്വം ജോസ്.കെ.മാണിയെ ഒപ്പം കൂട്ടാൻ നിർബന്ധിതരാവുകയായിരുന്നു.
അതേസമയം ഇടതു മുന്നണി പ്രവേശനത്തിന്നീക്കം തുടങ്ങിയ ജോസ് വിഭാഗത്തിന് അവിടെയും കൂടുതൽ സീറ്റിനായി വില പേശാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഇടവരുത്തിയിരിക്കുകയാണ്.