സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ഇനിവരാനിരിക്കുന്നതു നിര്‍ണായക ദിനങ്ങള്‍. സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ ശേഖരിച്ച എന്‍ഐഎ പരിശോധന തുടങ്ങിയതോടെ ആകെ ശ്രദ്ധ സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്.
മുഖ്യപ്രതി സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റിലെ ഏതെല്ലാം ഓഫീസുകളില്‍ കയറി ഇറങ്ങിയെന്നു സിസിടിവി ദൃശങ്ങളുടെ പരിശോധനയിലൂടെ വ്യക്തമാകും.
അതു വന്‍ രാഷ്ട്രീയ വിവാദങ്ങള്ക്കായിരിക്കും വഴിയൊരുക്കുക. അതേസമയം, ധൃതിപിടിക്കാതെയും ദൃശ്യങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ചേരാതെയും സൂക്ഷ്മതയോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
എന്‍ഐഎയ്ക്ക് ആവശ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു കഴിഞ്ഞതായാണു വിവരം. എന്നാല്‍, ഇതു കണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസഥര്‍ പുറത്തുവിട്ടിട്ടില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യങ്ങള്‍ നശിപ്പിച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് ദൃശ്യങ്ങളുടെ പരിശോധനയെക്കുറിച്ചുള്ള ആകാംക്ഷ ഉയരുന്നത്. ദൃശ്യങ്ങള്‍ ലീക്കായാല്‍ അതു വലിയ വിവാദത്തിനായിരിക്കും വഴിയൊരുക്കുക.രാഷ്ട്രീയമായി ഇത് ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്.
അതുകൊണ്ടു നിലവില്‍ അതീവരഹസ്യമായാണ് പരിശോധനയും തെളിവു ശേഖരണവും നടക്കുന്നത്. അതേസമയം, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രംഗങ്ങൾ സിസിടിവിയിൽ ഉണ്ടെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ദൃശ്യങ്ങളുടെ പരിശോധന സർക്കാർ തത്കാലം നിർത്തിവച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
ദൃശ്യങ്ങൾ എൻഐഎ ഉദ്യോഗസ്ഥർ കണ്ടതോടെ അന്വേഷണത്തിനു കൂടുതൽ വേഗം വരുമെന്നാണ് കരുതുന്നത്.
ചോർച്ച തേടി സിബിഐ
2019 ജൂണ്‍ മുതല്‍ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചത്. അതേസമയം, സ്വപ്ന സൂരേഷ് കസ്റ്റംസിനനു നല്കിയ മൊഴിയുടെ ഒരു ഭാഗം മാത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനു സിബിഐയുടെ സഹായം തേടാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാന പ്രകാരമാണിത്. ഇതിനായി ബിജെപി സംസ്ഥാന നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മൊഴി ചോര്‍ന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.
മൊഴി ചോര്‍ന്നതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും വിവരം. മൊഴി പകര്‍പ്പ് പ്രചരിപ്പിച്ചവരില്‍ ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ആളും ഉണ്ടെന്ന വിവരം അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. കസ്റ്റംസിനുള്ളില്നിന്നു തന്നെയാണ് ഇദ്ദേഹത്തിന് മൊഴി പകര്‍പ്പ് ലഭിച്ചതെന്നാണു വിവരം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കസ്റ്റംസില്‍ താമസിയാതെ ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകും.
സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്കിയ വിവരങ്ങളാണ് കസ്റ്റംസില്‍നിന്നു ചോര്‍ന്നത്. 32 പേജുള്ള മൊഴികളില്‍ മൂന്നു പേജ് മാത്രം പുറത്തുവിട്ടത് പ്രത്യേക ഉദ്ദേശത്തോടെയാണെന്ന് കസ്റ്റംസിലെ ഉന്നത വിഭാഗത്തിന്റെ നിഗമനം.
അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങളാണ് ഒരേസമയം നടക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനവും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കുമ്പോള്‍ കസ്റ്റംസിന്റെയും എന്‍ഫോഴ്സ് മെന്റിന്റെയും അന്വേഷണം സമാന്തരമായി നടക്കുന്നു.
അതോടൊപ്പം മൊഴി ചോര്‍ച്ച സിബിഐയും സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം പ്രത്യേക സംഘവും അന്വേഷിക്കുന്നു.