നിഷ്കളങ്കർ എന്നാണ് കുട്ടികളെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. പിള്ള മനസിൽ കള്ളമില്ല എന്നൊരു ചൊല്ലുപോലുമുണ്ട്. പക്ഷെ സമീപകാല ചില സംഭവവികാസങ്ങൾ കുട്ടികൾ അത്ര നിഷ്കളങ്കരല്ലെന്നാണ് തെളിയിക്കുന്നത്.
അവർ ജീവിക്കുന്ന സാഹചര്യം, കാണുന്ന ടെലിവിഷൻ പരിപാടികൾ, മൊബൈൽ ഫോൺ ഗെയിമുകൾ, കൂട്ടുകെട്ടുകൾ തുടങ്ങി പല സാഹചര്യങ്ങളാണ് ഇതിന് കാരണം.
റഷ്യയിൽ ഒരു പത്തുവയസുകാരി പറഞ്ഞ കള്ളത്തിന്റെ പേരിൽ ഒരുജീവനാണ് നഷ്ടപ്പെട്ടത്. വെർഖ്നയ പിഷ്മ നഗരത്തിലെ ട്രക്ക് ഡ്രൈവറായ ദിമിത്രി ചിവാർക്കിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ചിവാർക്കിൻ മോശമായി പെരുമാറിയെന്ന് പത്തുവയസുകാരി തന്റെ മാതാപിതാക്കളോട് കള്ളം പറഞ്ഞതാണ് സംഭവത്തിന് ആധാരം. കുട്ടിയുടെ വാക്ക് കേട്ട് വിശ്വസിച്ച് മാതാപിതാക്കളായ വലേറിയ ഡുനീവ (25), സെർജി ചാബിൻ (33) എന്നിവരും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ചിവാർക്കിനെ മർദിക്കുകയായിരുന്നു.
മർദനത്തിൽ തലക്ക് പരിക്കേറ്റ ചിവാർക്കിൻ വൈകാതെ മരിക്കുകയായിരുന്നു. ആറു വയസുള്ള പെൺകുട്ടിയുടെ പിതാവായിരുന്നു ചിവാർക്കിൻ. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടികൾ കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞത്.
വെറുതെ തമാശയ്ക്കുവേണ്ടിയാണത്രേ ഇത്തരമൊരു കള്ളം പറഞ്ഞത്. കുറ്റം തെളിഞ്ഞാൻ പുരുഷന്മാർക്ക് ജീവപര്യന്തം തടവും സ്ത്രീക്ക് 20 വർഷം വരെ തടവുമാണ് ശിക്ഷ ലഭിക്കുക. ഏതായാലും കുട്ടികൾ പറയുന്ന കാര്യങ്ങൾ അതേപടി വിഴുങ്ങുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ് റഷ്യയിൽ നടന്ന ഈ സംഭവം.