മുക്കം (കോഴിക്കോട്):ആറു മാസം മുൻപുവരെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒഴിവാക്കാനാവാത്ത വസ്തുക്കളായിരുന്നു ശബ്ദവും വെളിച്ചവും(ലൈറ്റ് ആന്‍ഡ് സൗണ്ട് ), പന്തൽ, അലങ്കാര വസ്തുക്കൾ, പാചകപ്പാത്രങ്ങൾ മുതലായവ.എന്നാൽ കോവിഡിന്റെ വരവോടെ ജീവിതക്രമത്തിൽ വന്ന സമൂലമായ മാറ്റത്തിന്റെ ഫലമായി ഇവയുടെ സ്ഥാനവും നഷ്ടമായി.
ഇതുമൂലം ഈ മേഖലയിൽ ഉപജീവന മാർഗം നഷ്ടപ്പെട്ട് കടുത്ത ദുരിതത്തിലായിരിക്കുന്നത് രണ്ട് ലക്ഷത്തോളം പേരും അവരുടെ കുടുംങ്ങളുമാണ്.ലക്ഷങ്ങൾ വിലവരുന്ന സാധന സാമഗ്രികൾ കേടുവന്ന് നശിക്കുന്നത് ഈ രംഗത്തെ ഉടമകൾ അനുഭവിക്കുന്ന മറ്റൊരു ദുരന്തവുമാണ് .
സംസ്ഥാനത്ത് 9500-ൽ അധികം സ്ഥാപന ഉടമകളാണുള്ളത്. കോഴിക്കോട് ജില്ലയിൽ മാത്രം 1500-ൽ ഏറെ സ്ഥാപനങ്ങളുണ്ട്. അഞ്ച് ലക്ഷം മുതൽ കോടികൾ വരെ മൂലധന നിക്ഷേപമുള്ള ചെറുകിട-ഇടത്തരം – വൻകിട സംരംഭകർ അടങ്ങുന്നതാണ് ഈ വിഭാഗം.
ഉപകരണങ്ങൾ ഉപയോഗശൂന്യം…
ജാഥകൾ, പൊതുയോഗങ്ങൾ, സമരങ്ങൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, ശാസ്ത്ര- വിദ്യാഭ്യാസ-വ്യാപാര – വിനോദ മേളകൾ, സമ്മേളനങ്ങൾ, പ്രഭാഷണ പരമ്പരകൾ, അനുസ്മരണങ്ങൾ, അനുമോദനങ്ങൾ, വാർഷികാഘോഷങ്ങൾ, കായിക – കലാമേളകൾ തുടങ്ങിയവയും ഇല്ലാതായി.
ചെറിയ തോതിൽ നടക്കുന്നതാവട്ടെ അധികവും ഓൺലൈൻ സംവിധാനത്തിലുമായി. ഇതോടെ വാടക സ്ഥാപനങ്ങളുടെ ഷട്ടർ അടഞ്ഞുതന്നെ കിടക്കുന്നു. ധാരാളം പേർക്ക് അവസരങ്ങൾ കിട്ടാറുള്ള രണ്ട് പെരുന്നാളുകൾ, വിഷു, സ്വാതന്ത്ര്യ ദിനം, ഓണം എന്നിവയൊക്കെ കോവിഡ് കാലത്ത് കടന്നുപോയി.
പന്തൽ, ഡക്കറേഷൻസ്, ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപന ഉടമകൾ നേരിടുന്നത് പല തരത്തിലുള്ള നാശ നഷ്ടങ്ങളാണ്. മാസങ്ങളായി സാധനങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതു മൂലം ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങളാണ് ഉപയോഗയോഗ്യമല്ലാതാകുന്നതെന്ന് മുരിങ്ങംപുറായി പിപിഎസ് ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ പി.പി.ശിഹാബുദ്ദീൻ പറയുന്നു.
ആംബ്ലിഫയർ, സൗണ്ട് മിക്സർ,ബോക്സ് ജനറേറ്റർ മുതലായ ഇലക്്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാതെ വച്ചാൽ കേടാകാൻ സാധ്യത വളരെ കൂടുതലാണ്. പന്തലിനായി ഉപയോഗിക്കുന്ന തുണികൾ, ടാർപായകൾ, അലങ്കാര വസ്തുക്കൾ, കർട്ടനുകൾ, പൂക്കൾ, ചിത്രങ്ങൾ, കമാനങ്ങൾ, കട്ടൗട്ടുകൾ, കസേരകൾ, ചരടുകൾ ,പിന്നുകൾ, പരവതാനികൾ മുതലായവ പുതുമ നഷ്ടപ്പെട്ടും നിറം മങ്ങിയും എലികളും സൂഷ്മ ജീവികളും കരണ്ടും കരിമ്പൻ കേറിയുമൊക്ക നശിക്കുകയാണ്.