കാട്ടിക്കുളം: തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് താത്കാലിക ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വാച്ചർ കൊല്ലിക്കൽ ഷിബു(38)വിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇടുപ്പിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഷിബുവിനെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഷിബുവിനെ ഇന്ന് രാവിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്ന ഷിബുവിന്റെ കൃഷിയിടത്തിൽ എത്തിയ ആനയെ തുരത്തുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. സമീപവാസിയായ മോഹനനൻ എന്നയാളോടൊപ്പമാണ് ആനയെ തുരത്തുന്നതിനായി ഷിബു കൃഷിയിടത്തിലെത്തിയത്.
എന്നാൽ ആനയുടെ മുന്നിൽപ്പെട്ട ഷിബുവിനെ പാഞ്ഞടുത്ത ആന ആക്രമിക്കുകയായിരുന്നു. മോഹനന്റെ സമയോചിത ഇടപെടലാണ് ഷിബുവിനെ ആനയുടെ മുന്നിൽനിന്നും രക്ഷപ്പെടുത്തിയത്. തലനാരിഴക്കാണ് മോഹനനും ആനയുടെ മുന്നിൽനിന്നും രക്ഷപ്പെട്ടത്.
മൂന്ന് മാസം മുന്പാണ് ഷിബു താത്കാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. ഇതേ ആന തന്നെയാണ് കഴിഞ്ഞ ദിവസം നരിക്കല്ലിൽ വീട് ആക്രമിച്ച് മേൽക്കൂര തകർത്തതെന്ന് നാട്ടുകാർ പറയുന്നു. തോൽപ്പെട്ടി ഫോറസ്റ്റ് ഓഫീസിന് സമീപത്തുപോലും കാട്ടാനയുടെ ആക്രമണം രൂക്ഷമായത് ഉദ്യോഗസ്ഥരെയും ഭീതിയിലാഴ്ത്തുന്നുണ്ട്.