മലയാളസിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് മുന്പുണ്ടായിരുന്നത് പോലെയുള്ള പ്രാധാന്യം ഇപ്പേഴില്ലെന്ന് നടി മാളവിക മോഹനൻ. ഇന്നത്തെ മലയാളസിനിമ നടന്മാരെ ചുറ്റി ത്തിരിയുകയാണ്. ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാ സിനിമകളേക്കാൾ കൂടുതലാണിവിടെ.
കുറച്ചുകാലമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ കാരണം പറയുന്നതിനിടെയായിരുന്നു മാളവികയുടെ ഈ വിശദീകരണം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്ത്രീകൾക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങൾ മലയാളത്തിൽ ഉണ്ടാവണം. പാർവതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല.
മലയാളസിനിമ കൂടുതൽ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാൾ കൂടുതൽ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം.
ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉർവശി, കാവ്യ മാധവൻ, മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാൽ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല.
സ്ത്രീകൾക്കായി നല്ല കഥാപാത്രങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അത്. അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ.
പാർവതി എന്റെ അടുത്ത സുഹൃത്താണ്. ലിംഗപരമായ വേർതിരിവിനെതിരേ അവരുടെ അഭിപ്രായപ്രകടനങ്ങളോടും എനിക്ക് യോജിപ്പാണ്. എനിക്ക് പാർവതിയുടെ സിനിമകൾ ഭയങ്കര ഇഷ്ടമാണ്.
അടുത്ത സുഹൃത്താണ് പാർവതി. നല്ല നടിയാണ് അവർ. സിനിമയിലെയും സമൂഹത്തിലെയും സെക്സിസത്തിനെതിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണ്. -മാളവിക പറഞ്ഞു.
കിടിലൻ ഫോട്ടോഷൂട്ട് നടത്തിയാണ് ഇടയ്ക്കിടെ നടി മാളവിക മോഹനൻ വാർത്തകളിൽ നിറയുന്നത്. മലയാള പ്രേക്ഷകർക്ക് സുപരിചിതയായ മാളവിക ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളാണ്. ദുൽഖർ സൽമാന്റെ നായികയായി പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയിരുന്നു. ആറ് സിനിമകളിൽ മാത്രമേ ഇതുവരെ മാളവിക അഭിനയിച്ചിട്ടുള്ളു. എന്നാൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷകളിലെല്ലാം അഭിനയിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമകളിൽ തിളങ്ങിയതോടെ മാളവികയുടെ പേരിലും പ്രണയഗോസിപ്പുകൾ വന്നിരുന്നു.