കോഴിക്കോട്: ഓണം കഴിഞ്ഞു… പക്ഷെ ഓണക്കിറ്റ് ഇതുവരെ ലഭിച്ചില്ല. വെള്ളക്കാര്ഡുകാര്ക്കാണ് ഓണം കഴിഞ്ഞും കിറ്റ് ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുന്നത്. പലയിടത്തും സ്റ്റോക്കില്ലെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.
ഉത്രാടദിനത്തില്‍ കിറ്റിനായി കാത്തിരുന്ന് പലരും മടങ്ങി. ഇന്നും ഗ്രാമപ്രദേശങ്ങളിലെ റേഷന്‍ കടകളില്‍ ഇത് തന്നെയാണ് അവസ്ഥ. അഞ്ചുവരെ കിറ്റ് വിതരണം നീട്ടിയിട്ടുണ്ട് എങ്കിലും സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
പലര്‍ക്കും മണിക്കൂറുകള്‍ ക്യൂനിന്ന് ഊഴമെത്തുമ്പോള്‍ കിറ്റ് തീര്‍ന്നു എന്ന മറുപടിയാണ് ലഭിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്നത് സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ കടകള്‍ വഴിയാണെങ്കിലും, കിറ്റിനുള്ള സാധനങ്ങള്‍ വാങ്ങി, പായ്ക്ക് ചെയ്ത് കിറ്റ് തയാറാക്കി അവ റേഷന്‍ കടകളില്‍ എത്തിക്കുന്നത് സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) ആണ്.
സപ്ലൈകോയുടെ വിവിധ കേന്ദ്രങ്ങളിലൂടെ അഹോരാത്രം കിറ്റ് പായ്ക്ക് ചെയ്യുന്ന മുറയ്ക്ക് തന്നെ അവരത് റേഷന്‍ കടകളിലെത്തിക്കുന്നുണ്ട്. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങളെത്തുന്നതിലെ തടസ്സങ്ങളും കോവിഡ് മൂലം പായ്ക്കിംഗിനായി കൂടുതല്‍ പേരെ ഒരേസമയം ഉപയോഗിക്കുന്നതിനുള്ള തടസ്സവുമൊക്കെ കാരണമാണ് കിറ്റ് വിതരണം നീണ്ടുപോകുന്നതെന്നാണ് ഉദ്യോഗിക വിശദീകരണം.
പ്രതികൂല സാഹചര്യങ്ങളിലും കേവലം പതിനാറ് ദിവസം കൊണ്ട് 5,73,013 മഞ്ഞ കാര്‍ഡുകള്‍ക്കും, 30,14,554 പിങ്ക് കാര്‍ഡുകള്‍ക്കും, 20,75,206 നീല കാര്‍ഡുകള്‍ക്കും, 11,89,125 വെള്ള കാര്‍ഡുകള്‍ക്കും ഇതുവരെയായി കിറ്റ് വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവയ്ക്കും പരമാവധി വേഗത്തില്‍ നല്‍കുന്നതിനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു.