സ്റ്റോക്ക്ഹോം: കോവിഡ് ഭയത്താല്‍ നാല് മാസത്തോളം മാതാപിതാക്കള്‍ പൂട്ടിയിട്ട മൂന്നു കുട്ടികളെ മോചിപ്പിച്ചു. സ്വീഡനിലാണ് സംഭവം. പത്ത് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് വീട്ടിലെ മുറിയില്‍ മാര്‍ച്ച് മുതല്‍ പൂട്ടിയിട്ടത്.
പരസ്പരം കാണുവാന്‍ പോലും മാതാപിതാക്കള്‍ മൂന്നുപേരെയും അനുവദിച്ചിരുന്നില്ല. ഭക്ഷണമെല്ലാം അവര്‍ക്ക് മുറികളില്‍ എത്തിച്ചു നല്‍കിയിരുന്നുവെന്ന് തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്ട്രേറ്റീവ് കോടതി പറഞ്ഞു. മുറി പുറത്തു നിന്നും പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും പുറത്തിറങ്ങുവാന്‍ പോലും സാധിച്ചിരുന്നില്ല.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വീഡന് കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ജനസംഖ്യയുമായി താരത്യം ചെയ്യുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സ്വീഡന്. പത്ത് ലക്ഷത്തില്‍ 575 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല.