വടക്കഞ്ചേരി: കൊയ്ത്ത് യന്ത്രത്തിനൊപ്പം വിരുന്നെത്തിയ ദേശാടന പക്ഷികൾ കുറുവായിലെ കർഷകർക്ക് കൗതുക കാഴ്ചയാകുന്നു. നല്ല വലുപ്പമുള്ള കൊക്ക് ഇനത്തിൽപ്പെട്ട പക്ഷികളാണിവ.
കൊയ്ത്ത് യന്ത്രത്തിനൊപ്പമാണ് ഇവ കൂട്ടമായി പാടത്ത് വന്നതെന്ന് കർഷകനായ കുറുവായ് കളം ശാന്തകുമാർ പറഞ്ഞു. കാലുകളിലും കഴുത്തിലും കറുപ്പ് നിറമുള്ള ഈ ഭീമൻ കൊക്കുകളുടെ വാൽ ഭാഗത്തും ചെറിയ കറുപ്പുണ്ട്.
രാത്രിയിൽ തെങ്ങിലും മറ്റു വലിയ മരങ്ങളിലുമാണ് വിശ്രമം. കോൾ പാടങ്ങളുള്ള തൃശൂർ കാഞ്ഞാണിയിൽ നിന്നുള്ള കൊയ്ത്ത് യന്ത്രമാണ് കുറുവായ് പാടത്ത് കൊയത്ത് നടത്തുന്നത്. കൊയ്ത്ത് യന്ത്രം കാഞ്ഞാണിയിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ ഇവ തീറ്റ ലക്ഷ്യം വെച്ച് പറന്നിരുന്നതായി കൊയ്ത്ത് യന്ത്രത്തിന്റെ ജീവനക്കാരും പറയുന്നു.
തീറ്റ ലഭിക്കുന്നതിനുള്ള നൂതന വഴികൾ പക്ഷികളും കണ്ടെത്തുകയാണ്.ഇതിനു മുന്പും ഇത്തരം ദേശാടന പക്ഷികൾ യന്ത്രഞ്ഞെ അനുഗമിക്കാറുണ്ടെന്നാണ് പറയുന്നത്.ഒന്നാംവിള കൊയ്ത്താകുന്പോൾ പാടത്ത് വെള്ളമുണ്ടാകും.
ഒപ്പം മത്സ്യങ്ങളും തവളയും ഞണ്ടുമൊക്കെയായി ജലജീവികൾക്ക് കുറവു വരില്ല. ഈ കണക്കുകൂട്ടലുകൾ തന്നെയാകാം പരദേശികളായ ഇവയെ യന്ത്ര കൊയ്ത്തിനൊപ്പം അനുഗമിക്കാൻ പ്രേരിപ്പിക്കുന്നത്.ഇരുന്നൂറിൽ പരം എണ്ണം വരുന്ന ഒരു കൂട്ടമാണിത്.
രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി കുറുവായ്പാടത്ത് പൂർണ്ണമായും ജൈവ കൃഷി രീതിയായതിനാൽ ജലജീവികളും സമൃദ്ധമാണ്. അന്യം നിന്നുപോകുന്ന നീർക്കോലി പാന്പുകളും നാടൻ മത്സ്യങ്ങളും പാടത്തുണ്ട്. കൊയ്ത്ത് കഴിഞ്ഞ് കൊയ്ത്ത് യന്ത്രം തിരിച്ച് പോകുന്നതോടെ കൊക്കുകളും പോകുമോ എന്ന നിരീക്ഷണത്തിലാണ് കർഷകരിപ്പോൾ.