കോട്ടയം: കിടപ്പുരോഗിയായ പിതാവിന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ശാന്തിപുരം റൈട്ടണ്പറന്പ് ചക്കുങ്കൽ ജോണ് തോമസിനെ(68) കൊലപ്പെടുത്തിയ മകൻ ജോസി ജോണി(37)നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ:- ഞായറാഴ്ച രാവിലെ 11ന് മദ്യപിച്ചെത്തിയ ജോസി പിതാവിനെ മർദിച്ചശേഷം കട്ടിലിൽനിന്നും വലിച്ചു നിലത്തിട്ടു വയറിൽ ചവിട്ടുകയായിരുന്നു. തടയാനെത്തിയ അമ്മ അന്നമ്മ(62)യേയും ജോസി മർദിച്ചു.
ശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ബന്ധുക്കളുടെ സഹായത്തോടെ ജോണിനെയും അന്നമ്മ ജോണിനെയും ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു.
ആറു വാരിയെല്ലുകൾ ഒടിഞ്ഞ് ജോണിന്റെ ആന്തരിക അവയവങ്ങളിൽ തറച്ചുകയറി. രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോണ് ഇന്നു പുലർച്ചെ 5.30നു മരണപ്പെട്ടു.
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പോലീസ് ഇന്നലെ ശാന്തിപുരത്തുനിന്നും പിടികൂടുകയായിരുന്നു. ജോണ് തോമസ് ഡയാലിസ് രോഗിയായിരുന്നു. ഡയാലിസിസിന് അമിത ചെലവ് വരുന്നതിനുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്.
കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതി പൊൻകുന്നം സബ് ജയിലിലാണ്. സിഐ കെ.എൽ. സജിമോൻ, എസ്ഐ എ.ജി. സാജൻ, എസ്സിപിഒ കെ.വി. സഞ്ചോ, പി.ഇ. ആന്റണി, എസ്എസ്ഐ രാജഗോപാൽ എന്നിവർ ചേർന്നാണു കേസ് അന്വേഷിച്ചു പ്രതിയെ പിടികൂടിയത്.
ഇന്നു രാവിലെ ചെത്തിപ്പുഴ ആശുപത്രിയിൽ ഇൻക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മൃതദേഹം മാറ്റും.