കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്ന് ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം.
നിയമപരമായി കോള്‍ ഡീറ്റൈയില്‍സ് റിപ്പോര്‍ട്ട് (സിഡിആര്‍) ശേഖരിച്ചുകൊണ്ടാണ് പരിശോധന നടത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ കസ്റ്റംസ് സീല്‍പതിച്ചു നല്കിയ മൊഴിയാണ് ചോര്‍ന്നത്.
സ്വപ്നയുടെ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടു പോലും നല്‍കാത്ത മൊഴി ചോര്‍ന്നത് സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴി ചോര്‍ച്ചയ്ക്ക് പിന്നലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും കണ്ടെത്താന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്.
കസ്റ്റംസ് ഇന്റലിജന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് അസി.കമ്മീഷണര്‍ എന്‍.എസ്.ദേവിനെ സ്ഥലം മാറ്റിയിരുന്നു.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐബി) യും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ ജനം ടിവി എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെ കുറിച്ച് പറയുന്ന ഭാഗം മാത്രമാണ് ചോര്‍ന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന് തുടങ്ങി ഉദ്യോഗസ്ഥരെ കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തകരുമായുള്ള അടുപ്പത്തെ കുറിച്ചും മറ്റ് ഉന്നതരെ കുറിച്ചും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴിയുടെ പകര്‍പ്പുകളൊന്നും അന്വേഷണസംഘത്തില്‍ നിന്ന് ചോര്‍ന്നിട്ടില്ല.