പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലത്ത് ഷെഡില്‍ കയറിയ സ്വകാര്യ ബസുകളുടെ ദുരിതകാലം തുടരുന്നു. ഓണവും ആഘോഷവും ഒന്നുമില്ലാതെ നിത്യച്ചെലവിനു വരുമാനമാര്‍ഗം തേടുകയാണ് ബസ് ഉടമകളും നൂറുകണക്കിന് തൊഴിലാളികളും.
പത്തനംതിട്ട ജില്ലയില്‍ 350 ഓളം സ്വകാര്യബസുകള്‍ക്കാണ് പെര്‍മിറ്റുള്ളത്. ഇതില്‍ പകുതിയില്‍ താഴെ ബസുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ലോക്ക്ഡൗണിനുശേഷം പൊതുഗതാഗത സംവിധാനം അനുവദിച്ചതോടെ കുറെ ബസുകള്‍ നിരത്തിലിറങ്ങിയെങ്കിലും വരുമാനക്കുറവു കാരണം പിന്‍വലിഞ്ഞു.
യാത്രക്കാര്‍ ഇല്ലെന്നു മനസിലായതോടെ 50 ശതമാനത്തോളം ബസുകളും മാര്‍ച്ച് 25 മുതല്‍ ജി ഫോം നല്കി ഷെഡില്‍ കയറ്റിയിട്ടിരിക്കുകയാണ്.
നിലവില്‍ നിരത്തിലിറങ്ങിയ ബസുകള്‍ക്ക് ദൈനംദിന ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. കൊറോണ ഭീതിയില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങിയെങ്കിലും അവയെ ആശ്രയിക്കുന്നത് വളരെ കുറച്ച് ആളുകളാണ്. നിരത്തിലുള്ള സ്വകാര്യ ബസുകള്‍ക്ക് പ്രതിദിന ഡീസല്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്ക് കൈയില്‍ നിന്നു പണം മുടക്കേണ്ട സ്ഥിതിയാണ്.
സ്വകാര്യ ബസ് മേഖലയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പലതും പ്രയോജനപ്പെട്ടില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതാവ് ലാലു പഴൂര്‍ പറഞ്ഞു. മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ ബാങ്കുകള്‍ കഴുത്തറപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ പലിശ പ്രത്യേക പാക്കേജായി മാറ്റി വായ്പയിലേക്ക് ചേര്‍ക്കുകയാണ് ബാങ്കുകള്‍ ഇപ്പോള്‍ ചെയ്യുന്നത്.
ഇതോടെ വായ്പകളുടെ പ്രതിമാസ അടവ് കാലാവധി ദീര്‍ഘിക്കും. നികുതി ഇളവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും പലപ്പോഴും പ്രയോജനപ്പെടുന്നില്ല. ത്രൈമാസ കാലയളവിലെ നികുതി ഒഴിവാക്കിയുള്ള ഉത്തരവുകള്‍ ഇറങ്ങുന്നത് പകുതി സമയത്തിനുശേഷമാണ്.
ഓടാതെ കിടക്കുന്ന ബസുകള്‍ക്കും ചെലവ് ഏറുകയാണ്. ബാറ്ററി, ടയര്‍ എന്നിവ മാറുന്നതിനും വായ്പ അടയ്ക്കുന്നതിനുമൊക്കെ ഉടമകള്‍ ബുദ്ധിമുട്ടുകയാണ്.
രണ്ടായിരത്തോളം തൊഴിലാളികള്‍ ജില്ലയില്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇവരില്‍ നല്ലൊരു പങ്കും പുതിയ തൊഴില്‍ മേഖലകളിലേക്കു മാറി. ഇപ്പോഴും ജോലി തേടുന്നവരും നിരവധിയാണ്. ഈ ഓണക്കാലത്ത് ബോണസോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായില്ല.
ചില ബസ് ഉടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ സ്വന്തം നിലയില്‍ തയാറാക്കി നല്കി. ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് എന്നു പരിഹാരമാകുമെന്നതിലും ഒരു എത്തുംപിടിയും ഇല്ലാത്ത അവസ്ഥയില്‍ ഇനി എന്തെന്ന് ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും.