കോട്ടയം: ബംഗളുരുവിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപ് കുമരത്ത് നിശാപാർട്ടി നടത്തിയ ഹോട്ടലിൽ അന്വേഷണസംഘം എത്തിയേക്കും. ആരാണു നിശാ പാർട്ടി ബുക്ക് ചെയ്തത്.
ഏത്ര പേർ എത്തി, ആരൊക്കെ പങ്കെടുത്തു തുടങ്ങിയവ അന്വേഷിക്കുന്നതിനാണു സംഘം എത്തുന്നത്. ബംഗളൂരുവിൽ പിടിയിലായവർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുമരകത്ത് നിശാ പാർട്ടി നടത്തിയെന്ന് അനൂപ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിരുന്നു.
പിടിയിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് മൂന്നാറിൽ 200 ഏക്കർ വസ്തുക്കച്ചവടത്തിലും ഇടനിലക്കാരനായതായി കേന്ദ്ര നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ (എൻസിബി) മൊഴി നൽകി നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തിൽ പല ഘട്ടത്തിലായി പണം മുടക്കിയതു കേരളത്തിലെ സിനിമ പ്രവർത്തകരാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സമീർ എന്നയാളുടെ പേരിലാണു പലർ ചേർന്നു സ്ഥലം വാങ്ങിയത്.
സ്വർണക്കടത്തു കേസ് പ്രതി കെ.ടി. റമീസിന്റെ അടുത്ത സുഹൃത്തും പണം മുടക്കിയിട്ടുണ്ട്. മറിച്ചുവിൽക്കുന്നതിനെച്ചൊല്ലി പണം മുടക്കിയവർ തമ്മിൽ ഭിന്നിപ്പുണ്ടായതിനാൽ കമ്മിഷൻ തുക മുഴുവൻ ലഭിച്ചില്ല.
ആദ്യം കിട്ടിയ തുക കൊണ്ടാണു ബെംഗളൂരുവിൽ പുതിയ ബിസിനസ് ആരംഭിച്ചതെന്നും അനൂപ് മൊഴി നൽകി.ബംഗളുരു കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങുന്നതിന് ബിനീഷ് പണം നൽകി സഹായിച്ചിരുന്നു എന്നാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയ്ക്ക് അനൂപ് മൊഴി നൽകിയിരിക്കുന്നത്.
പ്രതികൾക്കെതിരായി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ. 2015ലാണ് പണം നൽകിയിരിക്കുന്നത്. 2018ൽ അനൂപ് ബിസിനസിൽ തകർച്ച നേരിട്ടതോടെ ഹോട്ടൽ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്.
എന്നാൽ ഹോട്ടൽ നടത്തിപ്പിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയിൽ ഇല്ല. അനൂപിനെ പലപ്രാവശ്യമായി ആറു ലക്ഷം രൂപയോളം കടം നൽകി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചിട്ടുണ്ട്.