സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടം നടന്നിട്ട് ഒരുമാസം ആകുമ്പോഴും അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടില്ല.
കഴിഞ്ഞ മാസം ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്.എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.
കരിപ്പൂര്‍ അപകടത്തിന് കാരണം റണ്വേയല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തില്‍പ്പെട്ട ബോയിംഗ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്.
സുരക്ഷാ മാനദണ്ഡത്തിനും അന്താരാഷ്ട്ര നിലവാരത്തിനും ഇന്ത്യയില്‍ നാലാം സ്ഥാനമെന്ന മികച്ച ബഹുമതി ലഭ്യമായ കരിപ്പൂര്‍ സുരക്ഷാ ക്രമീകരണത്തിലും രാജ്യത്തെ മറ്റുവിമാനത്താവളങ്ങളില്‍ ഉന്നതിയിലാണ്.
വിമാന അപകടത്തിന് കാരണം വിമാന ലാൻഡിംഗിലെ പിഴവാണെന്ന് ഉയര്‍ന്നുവന്നത്. ബി-737 വിമാനങ്ങള്‍ക്ക് അനുവദനീയമായ ലാൻഡിംഗ് സ്പീഡ് മണിക്കൂറില്‍ 130 എയര്‍ നോട്ടിക്കല്‍ മൈലാണ്.
എന്നാല്‍ അപകടത്തില്‍പ്പെട്ട വിമാനം മണിക്കൂറില്‍ 172 എയര്‍ നോട്ടിക്കല്‍ മൈല്‍ വേഗതയും വിമാനത്തിന്റെ പിറകില്‍ നിന്നുള്ള (ടൈല്‍ വിന്റ്) കാറ്റ് മണിക്കൂറില്‍ 12 എയര്‍ നോട്ടിക്കല്‍ മൈലും അമിത വേഗതയിലായിരുന്നു.
നിശ്ചിത നേര്‍രേഖയില്‍ നിന്ന് അകലത്തിലാണ് വിമാനം ലാൻഡ് ചെയ്തതും. അപകടം അന്വേഷിക്കുന്ന സംഘത്തിന് അഞ്ചു മാസമാണ് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ ഇതിന് മുമ്പുളള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റ് പത്തിലേറെ യാത്രക്കാരാണ് ഇപ്പോഴും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലായി കഴിയുന്നത്. ചികില്‍സയില്‍ കഴിയുന്നവരില്‍ 55 പേര്‍ക്ക് ആദ്യഘട്ട ധനസഹായം കൈമാറി.
പരിക്കേറ്റ മറ്റുളളവര്‍ക്കും മരണപ്പെട്ടവര്‍ക്കും തുക കൈമാറിവരുന്നുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായമാണ് നിലവില്‍ നല്‍കുന്നത്. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടവരുടെ ബാഗേജുകള്‍ വിതരണം പൂര്‍ത്തിയായി വരികയാണ്.