വെഞ്ഞാറമൂട് : വെട്ടേറ്റു മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രി കെ.കെ ഷൈലജ എത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ആരോഗ്യമന്ത്രി വീടുകൾ സന്ദർശിച്ചത്. ഏറെ നേരം അവിടെ ചില വഴിച്ച മന്ത്രി കുടുംബത്തെയും ബന്ധുക്കളെയും ആശ്വാസ വക്കുകൾ പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് മടങ്ങിയത്.
തിരുവോണത്തലേന്ന് വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ വച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തരെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ലന്ന് പുറത്തിറങ്ങി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വളരെയധികം വേദനയുണ്ടാക്കിയ നിമിഷങ്ങളായിരുന്നു അത്. കുടുംബത്തിന്റെയും കുട്ടികളുടേയും സങ്കടം ഹൃദയഭേദകമാണ്.
വീട്ടുകാരുടെ അത്താണി ആയിരുന്നു ഈ രണ്ടു പേരും. നാട്ടുകാരുടെ ഏത് ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് സഖാക്കളുടെ വിയോഗം ഒരു നാടിനെത്തന്നെ സങ്കടത്തിലാഴ്ത്തിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
രാഷ്ട്രീയമായി സിപിഐ എമ്മിനെയും ഇടതുമുന്നണി ഭരണത്തേയും തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനയാണ് യുഡിഎഫ്. നടത്തുന്നത്. തികച്ചും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടത്തിയ അരുംകൊലയായിരുന്നു ഇത്.
ഇനിയെങ്കിലും കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും കെ.കെ ഷൈലജ പറഞ്ഞു. ഡി.കെ.മുരളി എംഎൽഎ , എ.എ.റഹിം എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു