കോഴിക്കോട്: സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന അധ്യാപിക സായി ശ്വേതയുടെ പരാതി സ്പെഷല്‍ ബ്രാഞ്ച് പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്പി ഡോ.ശ്രീനിവാസ്. ഡിവൈഎസ്പി കെ.ഇ. ഇസ്മയിലാണ് പരാതിയെക്കുറിച്ച് പരിശോധിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ ഓഡിയോയും ഫേസ്ബുക്ക് പോസ്റ്റും പോലീസ് പരിശോധിച്ചു.
എന്നാല്‍ ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള പരാമര്‍ശം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. സായി ശ്വേത പോലീസിന് നല്കിയ പരാതിയില്‍ പറയുന്ന വശങ്ങളും പരിശോധിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിച്ചിട്ടില്ല.
സര്‍ക്കാറിന്റെ വിക്ടേഴ്സ് ചാനല്‍ വഴി മിട്ടു പൂച്ചയേയും തങ്കു പൂച്ചയേയും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ച് ശ്രദ്ധ നേടിയ അധ്യാപികയാണ് സായി ശ്വേത.
സിനിമയില്‍ അഭിനയിക്കാമെന്ന പേരില്‍ ശ്രീജിത്ത് വിളിക്കുകയും താത്പര്യമില്ലെന്നറിയിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിച്ചുവെന്നാണ് പറയുന്നത്.
ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും സംഭവത്തില്‍ നിയമപരമായി നടപടി സ്വീകരിച്ചതായും സായി ശ്വേത പറഞ്ഞിരുന്നു.
എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സുഹൃത്ത് നിര്‍മിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അധ്യാപികയെ സമീപിച്ചപ്പോള്‍ അവരുടെ മീഡിയ മാനേജര്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തിയില്‍ നിന്നുള്‍പ്പടെ നേരിട്ട അനുഭവങ്ങളാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.