മൂവാറ്റുപുഴ: പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ, തകർന്ന വൈദ്യുതി വിളക്കുകൾ, ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം. ലക്ഷകണക്കിനു രൂപ ചെലവഴിച്ചു നിർമിച്ച പുഴയോര നടപ്പാതയിലെ വിശേഷണങ്ങൾ ഇനിയുമുണ്ട്.
നടപ്പാത സംരക്ഷിക്കാൻ നഗരസഭാധികൃതർ തയാറാകാത്തതാണ് ഇതിനു പ്രധാനകാരണം. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കന്റെ ആസ്തി വികസന ഫണ്ടിൽനിന്നു കേന്ദ്രസംസ്ഥാന ടൂറിസം പദ്ധതിയിലുൾപ്പെടുത്തി മൂന്നര കോടിയോളം ചെലവഴിച്ച് നിർമിച്ച പുഴയോര നടപ്പാതയുടെ അവസ്ഥ ഇപ്പോൾ ഏറെ ദയനീയമാണ്.
പ്രദേശവാസികളടക്കം നിരവധി പേർ എത്തിയിരുന്ന നടപ്പാത സന്ധ്യ കഴിയുന്നതോടെ ഇരുട്ടിലാകുകയാണ്. അന്പതോളം ലൈറ്റുകളാണ് ഒന്നേകാൽ കിലോമീറ്റർ ദൂരമുള്ള നടപ്പാതയിലുള്ളത്.
പാതയോരത്തെ വഴിവിളക്കുകളിലെ ചില്ലുകളെല്ലാം തകർന്ന നിലയിലാണ്. വെളിച്ചമില്ലാതായതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് നടപ്പാത.
ഇതിനു പുറമെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നിരവധി പേർ നേരത്തേ സായാഹ്ന സവാരിക്കടക്കം ഇവിടെ എത്തുന്നുണ്ടായിരുന്നു.
ലൈറ്റുകൾ തെളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടെ രംഗത്തു വന്നെങ്കിലും നടപടികളൊന്നും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഇടുക്കി ജില്ലയിലെ മൂന്നാർ അടക്കമുള്ള വിവിധ ഭാഗങ്ങളിലേക്കു പോകുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മൂവാറ്റുപുഴയെ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിലാണ് നടപ്പാത നിർമിച്ചത്. മൂന്ന് ആറുകൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും നടപ്പാതയിലൂടെ എത്തുന്നവർക്ക് കഴിയുന്നുണ്ട്.
മെയിന്റനൻസും ശുചീകരണവുമടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം നഗരസഭയ്ക്കാണ് നൽകിയിരിക്കുന്നത്. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമം മുതൽ ലതാപാലം വരെ ബന്ധിപ്പിക്കുന്ന രീതിയിലാണ് നടപ്പാത നിർമിച്ചത്.
രണ്ടാംഘട്ടത്തിൽ കച്ചേരിത്താഴം പുതിയപാലം വരെ നീളുന്ന മറ്റൊരുനടപ്പാതയും ലക്ഷ്യമിട്ടിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കഫേ, പാർക്ക്, ബോട്ട് സർവീസ് എന്നിവ പദ്ധതിയിലുൾപ്പെടുത്തുവാനായിരുന്നു തീരുമാനം.
എന്നാൽ വിളക്കുകൾ തെളിയാത്തതിനു പുറമെ പാതയിൽ വിരിച്ചിരുന്ന ടൈൽസുകളും ഇളകി നശിച്ചു. പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടു. കുളിക്കടവിലേക്കുള്ള ടൈൽസുകളും പൊട്ടിപ്പൊളിഞ്ഞു.
നടപ്പാതയുടെ ഇരുവശങ്ങളിലും കാടുകൾ കയറിയും, കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാതകളിൽ കരിയിലകളും മരക്കൊന്പുകൾ വീണും മാലിന്യകേന്ദ്രമായി മാറി കഴിഞ്ഞു.
ഫലത്തിൽ അധികൃതരുടെ അനാസ്ഥമൂലം മൂവാറ്റുപുഴ നഗരത്തിന്റെ മുഖശ്രീയായ നടപ്പാതയും നാശത്തിന്റെ വക്കിലാണ്.