അരയൻകാവ്: കടയിൽ കയറി വ്യാപാരിയെ മർദിക്കുകയും സാധനങ്ങൾ വലിച്ചുവാരി നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധം.
ഉത്രാടത്തലേന്ന് അരയൻകാവ് മിൽമ റോഡിലുള്ള ഹോളി ഫാമിലി സ്റ്റോഴ്സിലാണ് അതിക്രമം ഉണ്ടായത്. കടയുടമ റോബിനെ മർദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഇതിനെതിരേ മുളന്തുരുത്തി പോലീസിൽ വ്യാപാരി വ്യവസായി യൂണിറ്റ് നൽകിയ പരാതിയിന്മേൽ അഞ്ചു ദിവസമായിട്ടും നടപടി സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി. പോലീസിന്റെ നിഷേധാത്മക സമീപനത്തിനെതിരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അരയൻകാവിൽ പ്രതിഷേധ പരിപാടി നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, കാഞ്ഞിരമറ്റം യൂണിറ്റ് പ്രസിഡന്റ് പി.വി. പ്രകാശൻ, ആമ്പല്ലൂർ യൂണിറ്റ് പ്രസിഡന്റ് സി.വി. മോൻസി, അരയൻകാവ് യൂണിറ്റ് പ്രസിഡന്റ് ബിജു താമഠത്തിൽ, സെക്രട്ടറി തങ്കച്ചൻ തനിമ, വ്യാപാരി വ്യവസായി യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് ഷിഹാബ്, അരയൻകാവ് യൂണിറ്റ് പ്രസിഡന്റ് പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.