തൃപ്പൂണിത്തുറ: ബസുകാരുടെ അനാസ്ഥയെ തുടർന്ന് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ ബസുകാർക്കെതിരേ കേസെടുക്കുമെന്ന് ഉദയംപേരൂർ പോലിസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് തൃപ്പൂണിത്തുറയിൽനിന്നും പൂത്തോട്ടയിലേക്കുള്ള ബസിൽ കയറിയ ഉണിക്കുന്നത്ത് കുറുപ്പ്ശേരിൽ പുഷ്പാംഗദൻ (57) ആണ് മരിച്ചത്.
ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പുഷ്പാംഗദനെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്നു ബസിൽ യാത്രചെയ്തിരുന്നവർ നൽകിയ വിവരം അനുസരിച്ച് ബന്ധുക്കൾ എത്തിയപ്പോൾ പൂത്തോട്ടയിൽ ഒരു കടയ്ക്കുമുന്നിൽ കിടത്തിയ അവസ്ഥയിലായിരുന്നു പുഷ്പാംഗദൻ. നടക്കാവിലായിരുന്നു ഇയാൾ ഇറങ്ങേണ്ടിയിരുന്നത്.
ഉടൻ തന്നെ ബന്ധുക്കൾ ഇയാളെ കാറിൽ കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുറച്ച് സമയത്തിനു ശേഷം പുഷ്പാംഗദൻ മരിച്ചു. കോവിഡ് ടെസ്റ്റിനുള്ള സ്രവ പരിശോധനക്ക് സാമ്പിളുകൾ ഇന്നലെ തന്നെ എടുത്തുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ ഫലം വരുന്നതനുസരിച്ച് സംസ്കാരം നടത്തും.
രണ്ട് ആശുപത്രികൾ സമീപത്തുണ്ടായിട്ടും
യാത്രക്കാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ചികിത്സ കിട്ടാതെ വഴിയിൽകിടന്നു എന്ന ആരോപണം ഉയരുമ്പോൾ വിളിപ്പാടകലെ രണ്ട് ആശുപത്രി ഉണ്ടായിരുന്നു. ഒന്ന് പ്രൈമറി ഹെൽത്ത് സെന്ററും മറ്റൊന്ന് സ്വകാര്യ ആശുപത്രിയും.
ഇതിൽ ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കേണ്ടതിന് പകരം ബസ് ജീവനക്കാർ അവശനായ രോഗിയെ തെരുവിൽ കിടത്തിയിട്ട് കടന്നു കളയുകയാണ് ചെയ്തത്.
കോവിഡ് ഭയം മൂലമെന്ന് ബസുടമ സംഘം
ബസിൽ വച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ബസിലെ യാത്രക്കാർ കോവിഡ് സംശയിച്ച് മാറിനിന്നുവെന്ന് ബസുടമ സംഘം നേതാവ് എൻ.പി. രാജു പറഞ്ഞു.
കോവിഡാണെന്ന് പരന്നതോടെ ആരും തൊടാൻ തയാറായില്ല. ബസ് കണ്ടനാട് കാവലയിൽ എത്തിയപ്പോൾ റോഡരുകിൽ മാറ്റി നിർത്തി കണ്ടക്ടർ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ വിവരം പറഞ്ഞതായി എൻ.പി. രാജു പറഞ്ഞു.
സംഭവം പറയുന്നതിനിടയിൽ കോവിഡാണെന്ന് കേട്ടതോടെ പോലീസ് സ്റ്റാഫില്ലാത്ത കാരണം പറഞ്ഞ് കൈയൊഴിഞ്ഞതായി എൻ.പി.രാജു പറഞ്ഞു.