
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ചരിത്രമ്യൂസിയം ഒരുക്കുന്നതിനായി സമർപ്പിച്ച പദ്ധതിനിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു.
ആറുമാസം മുന്‍പ് ദേവസ്വംമന്ത്രിക്കും ദേവസ്വം കമ്മിഷണർക്കും സമർപ്പിച്ച നിർദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതേത്തുടർന്ന് സാഹിത്യ അക്കാദമി മുൻ ചീഫ് ലൈബ്രറേറിയൻ ഡോ. കെ. രാജേന്ദ്രനെ കണ്‍സൾട്ടന്റായി ദേവസ്വം ഭരണസമിതി നിയമിച്ചു.
കൂടൽമാണിക്യം ദേവസ്വം പഴയ ഓഫീസായി പ്രവർത്തിച്ചിരുന്ന തച്ചുടയ കൈമളുടെ മന്ദിരമാണ് മ്യൂസിയമാക്കി മാറ്റുന്നത്. ഇതിനു പുറമേ, കൈമൾ ഉപയോഗിച്ചിരുന്ന പല്ലക്ക്, പലപ്പോഴായി കണ്ടുകിട്ടിയ അമൂല്യവസ്തുക്കൾ ഇവയെല്ലാം മ്യൂസിയത്തിൽ ഉൾപ്പെടുത്തും.
തച്ചുടയ കൈമളുടെ കെട്ടിടം സാംസ്കാരിക പൈതൃകമായി സംരക്ഷിക്കുന്നതിനും ക്ഷേത്രത്തിലെ അമൂല്യങ്ങളായ താളിയോലഗ്രന്ഥങ്ങളും ഇതര വിഷയങ്ങളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും പുരാവസ്തുരേഖകളും ശേഖരങ്ങളും സംരക്ഷിക്കുന്നതിനുമായിട്ടാണ് മ്യൂസിയം ആൻഡ് ആർക്കൈവ്സ് ആരംഭിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ദേവസ്വം ബംഗ്ലാവ് പൈതൃകസ്മാരകമായി സംരക്ഷിക്കുന്നതിനാവശ്യമായ പ്രോജക്റ്റ് തയ്യാറാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഫണ്ടു കണ്ടെത്തുന്നതിന് ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.