കുന്നംകുളം: രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും പോലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആദിത്യയുടെ നിർദേശത്തിൽ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവയെല്ലാം നീക്കം ചെയ്തത്.
കടവല്ലൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ആദ്യഘട്ടമായി വിവിധയിടങ്ങളിലെ കൊടികൾ നീക്കം ചെയ്തു. അംഗീകൃത രാഷ്ട്രീയ കക്ഷികൾക്ക് കൊടി തോരണങ്ങൾ സ്വമേധയാ നീക്കം ചെയ്യുന്നതിനുള്ള നിർദേശം നേരത്തേ നൽകിയിരുന്നു.
ആയതിനുള്ള സമയപരിധി കഴിഞ്ഞതിനു ശേഷമാണു നടപടിയിലേക്ക് കടന്നത്. കുന്നംകുളം സി.ഐ. സുരേഷ്, എസ് ഐമാരായ ജോയ്, ജോർജ് സിപിഒമാരായ ഹംദ്, അഭിലാഷ്, അനൂപ്, സന്ദീപ്, വിജിത്, വിനീത്, ലിമേഷ്, ഇക്ബാൽ എന്നിവർ ചേർന്ന് സ്തൂപങ്ങളും മറ്റും നീക്കം ചെയ്തത്.
വരും ദിവസങ്ങളിൽ കടങ്ങോട്, കാട്ടകാന്പാൽ, പോർക്കുളം, ചൊവന്നുർ, ചൂണ്ടൽ എന്നീ പഞ്ചായത്തുകളിലെയും കുന്നംകുളം മുനിസിപ്പാലിറ്റിയിലെയും വിവിധ സ്ഥലങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യുമെന്ന് സിഐ അറിയിച്ചു.