കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസിലെ പ്രതികള്‍ക്കു തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസും അന്വേഷിക്കുന്നു.
ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കെ.ടി. റമീസിന്റെ ഫോണ്‍ നമ്പര്‍ മുഹമ്മദ് അനൂപിന്റെ ഫോണില്‍നിന്ന് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണു വിശദമായ അന്വേഷണത്തിന് കസ്റ്റംസും ഒരുങ്ങുന്നത്. കെ.ടി. റമീസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു അന്വേഷണസംഘം. റമീസിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതിയെ ചോദ്യം ചെയ്യുന്നതിനു പുറമേ കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം ബംഗളൂരുവിലെത്തിയും അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്. അതിനിടെ, ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപിന്റെ തുണിക്കച്ചവട ബന്ധവും അന്വേഷണ സംഘങ്ങള്‍ അന്വേഷിക്കുന്നതായാണു വിവരങ്ങള്‍.
തുണിക്കച്ചവടത്തില്‍ കലൂര്‍ സ്വദേശി പങ്കാളിയായിരുന്നതായും ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.ബംഗളൂരുവില്നിന്നുമാണു തുണികള്‍ വരുന്നത്. ഇതില്‍ ഒളിപ്പിച്ച് ലഹിമരുന്നുകള് കടത്തിയിരുന്നോ എന്നതിലാണ് അന്വേഷണം മുറുകുന്നത്.