തലശേരി: കതിരൂർ പൊന്ന്യംപാലം ചൂള റോഡ് തെക്കേ തയ്യിലിൽ ബോംബ് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം നടക്കുമ്പോൾ ആറ് പേരുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ മാഹി അഴിയൂർ കല്ലറോത്ത് രമ്യ നിവാസിൽ രമീഷ്, അഴിയൂർ കെ.ഒ ഹൗസിൽ ധീരജ് എന്നിവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടന കേന്ദ്രത്തിൽ പൊന്ന്യം പാലത്തെ സജൂട്ടി എന്നയാൾ ഉൾപ്പെടെ മറ്റ് നാല് സിപിഎം പ്രവർത്തകർ കൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനായി പോലീസ് ഊർജിത ശ്രമം നടത്തി വരികയാണ്.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രമീഷിന്റെ കൈത്തണ്ട മുതൽ വിരലുകൾ ഉൾപ്പെടെ ഇരു കൈപ്പത്തികളും പൂർണമായും നഷ്ടപ്പെട്ടു. മൂന്ന് മണിക്കൂർ നീണ്ട സർജറിക്ക് വിധേയനായ രമീഷ് അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ചികിത്സയിലുള്ള ധീരജിന് കണ്ണുകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ആളൊഴിഞ്ഞ പുഴക്കരയിലെ സ്ഫോടനത്തിൽ ഷീറ്റു കൊണ്ട് മറച്ച ഷെഡ് പൂർണമായും തകർന്നിരുന്നു. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്. പന്ത്രണ്ട് സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെടുത്തു.
ഇവ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. നിർമിച്ച് കുറ്റിക്കാട്ടിൽ സൂക്ഷിച്ച നിലയിലാണ് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതിയാണ് രമീഷ്.
സിപിഎം ശക്തികേന്ദ്രമായ പ്രദേശത്താണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിയിട്ടുണ്ട്.പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ സിപിഎം വൻ ആക്രമണ
പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും അതിന്റെ ഭാഗമാണ് സ്ഫോടനമെന്നും കോൺഗ്രസ് ആരോപിച്ചു.സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം തലശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ത്യന്തം അപലപനീയമായ സംഭവമാണിത്. പാർട്ടിക്ക് ഈ സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും സിപിഎം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ആവശ്യപ്പെട്ടു.